|    Dec 17 Mon, 2018 7:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡല്‍ഹി കീഴടക്കി കര്‍ഷകര്‍; പ്രതിപക്ഷ ഐക്യവേദിയായി റാലി

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ ഡല്‍ഹി കീഴടക്കി കര്‍ഷക പ്രക്ഷോഭം. അയോധ്യയല്ല, കടാശ്വാസമാണ് വേണ്ടതെന്ന മുദ്രാവാക്യവുമായി രാംലീലാ മൈതാനിയില്‍ നിന്നു പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ നഗരം സ്തംഭിപ്പിച്ചു.
വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, താങ്ങുവില പ്രഖ്യാപിക്കുക, വായ്പ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പാക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 207 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കിസാന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. ഡല്‍ഹിക്കു പുറമെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം എന്നിങ്ങനെ 24 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും കര്‍ഷകരെത്തി.
ഇന്നലെ രാവിലെ പത്തുമണിക്കായിരുന്നു പ്രക്ഷോഭത്തിന് അനുമതി ലഭിച്ചത്. രാംലീലാ മൈതാനിയില്‍ നിന്നു തുടങ്ങിയ റാലി ഒന്നരമണിക്കൂര്‍ കൊണ്ട് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് വൈകീട്ട് പൊതുയോഗം സമാപിക്കുംവരെ കര്‍ഷകര്‍ അവിടെ തന്നെ കുത്തിയിരുന്നു.
രാജ്യത്തെ വ്യവസായികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും ലഭ്യമാക്കണമെന്ന് കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മാറുകയാണെങ്കില്‍ കടം എഴുതിത്തള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിനു പ്രതിഫലം കിട്ടണം. പക്ഷേ, എല്ലാ പണവും അനില്‍ അംബാനിയുടെ കീശയിലേക്കാണു പോവുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ കര്‍ഷകരെ അവഹേളിച്ചിട്ടുണ്ടെങ്കില്‍ അവരെ പിഴുതെറിയുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
നരേന്ദ്രമോദിയുടെ ഭരണത്തില്‍ കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. വ്യവസായികളോടും കര്‍ഷകരോടും നരേന്ദ്രമോദി രണ്ടു നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍സിപി നേതാവ് ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ത്രിവേദി, സിപിഐ നേതാവ് ഡി രാജ തുടങ്ങി 22 രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss