|    Dec 17 Sun, 2017 11:49 am
FLASH NEWS

ഡല്‍ഹി അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ താരമാവാന്‍ വയനാട്ടുകാരന്‍

Published : 2nd December 2016 | Posted By: SMR

കല്‍പ്പറ്റ: ഡയറക്ടറേറ്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഏഴുമുതല്‍ 11 വരെ ഡല്‍ഹി ഐഐടിയില്‍ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ താരമാവാന്‍ വയനാട് മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ. മേളയില്‍ സ്വന്തമായ രണ്ടും പത്തുവയസ്സുള്ള മകന്‍ ദിദുലിന്റെ ഒന്നും അടക്കം മൂന്നു കണ്ടുപിടിത്തങ്ങളും പ്രബന്ധങ്ങളും എല്‍ദോ അവതരിപ്പിക്കും. മേളയില്‍ മൂന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ഏക മലയാളിയുമാണ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച എല്‍ദോ. വാഴപ്പോളയില്‍നിന്ന് വസ്ത്രം, സിമന്റ് പായ്ക്കറ്റ് കവര്‍, കരകൗശലവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉതകുംവിധം മേല്‍ത്തരം നാര് വേര്‍തിരിച്ചെടുക്കുന്ന യന്ത്രം, കയര്‍ പിരിക്കുന്നതിനുള്ള ഇലക്‌ട്രോണിക് റാട്ട്, കവുങ്ങുതടി പീലിങിനുശേഷം ഹൈഡ്രോളിക് പ്രസിന്റെ സഹായത്തോടെ ടൈലാക്കുന്ന വിദ്യ എന്നിവയെക്കുറിച്ചുള്ളതാണ് ടാറിങ് തൊഴിലാളിയായിരുന്ന എല്‍ദോ ശാസ്ത്രമേളയില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍. ഇതില്‍ ടൈല്‍ നിര്‍മാണ വിദ്യയെക്കുറിച്ചുള്ള പ്രബന്ധം എല്‍ദോയുടെ മൂത്ത മകനും മുട്ടില്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമായ ദിദുലിന്റേതാണ്. 38കാരനായ എല്‍ദോയുടേതാണ് മറ്റു രണ്ടു കണ്ടുപിടിത്തങ്ങളും. സംസ്ഥാന-ദേശീയ തലങ്ങളില്‍ മുമ്പ്് ലഭിച്ച അംഗീകാരങ്ങളാണ് അന്താരാഷ്ട്ര ശാസ്‌ത്രോല്‍സവത്തിലേക്കുള്ള വാതില്‍ എല്‍ദോയ്ക്ക് മുന്നില്‍ തുറന്നത്. പൂക്കോട് നടന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള മികച്ച കണ്ടുപിടിത്തത്തിനുള്ള സമ്മാനം വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്ന യന്ത്രത്തിനായിരുന്നു. പോയവര്‍ഷം കോഴിക്കോട് നടന്ന റൂറല്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ കണ്ടുപിടിത്തങ്ങളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ഇലക്‌ട്രോണിക് റാട്ടിലൂടെ എല്‍ദോ സ്വന്തമാക്കിയിരുന്നു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് (കെഎസ്‌സിഎസ്ടിഇ), സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (സി-എസ്ടിഇഡി) എന്നിവ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു മേള. ഈ വര്‍ഷത്തെ സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ്സില്‍ സമ്മാനിതമായതില്‍ രണ്ടു പ്രബന്ധങ്ങള്‍ എല്‍ദോയുടേതാണ്. വാഴപ്പോളയില്‍ നിന്നു ‘ബനാന ഫൈബര്‍’ വേര്‍തിരിക്കുന്ന യന്ത്രം വികസിപ്പിച്ച എല്‍ദോ വാഴനാരുകൊണ്ടുള്ള കരകൗശലവസ്തു നിര്‍മാണത്തില്‍ ഇതിനകം രാജ്യവ്യാപകമായി 65,000 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കിടപ്പുദീനക്കാരടക്കം രോഗികള്‍, എച്ച്‌ഐവി ബാധിതര്‍, വിധവകള്‍, തടവുപുള്ളികള്‍ ഇങ്ങനെ നീളുന്നതാണ് ശിഷ്യഗണങ്ങള്‍. എല്‍ദോയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിര്‍മിച്ചതാണ് 2008ലെ ബീജിങ് ഒളിംപിക്‌സില്‍ ഉപയോഗപ്പെടുത്തിയതില്‍ കാല്‍ലക്ഷം തൊപ്പികള്‍. ദോഹ ഏഷ്യന്‍ ഗെയിംസിനായി 15,000 തൊപ്പികളും ഇന്ത്യയില്‍ നിന്നു കയറ്റുകയുണ്ടായി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ വികസിപ്പിച്ചതാണ് വേഗത്തിലും എളുപ്പത്തിലും കയര്‍ പരിക്കാന്‍ സഹായിക്കുന്ന ഇലക്‌ട്രോണിക് റാട്ടെന്ന് എല്‍ദോ പറഞ്ഞു. സൈക്കിള്‍ റാട്ടുകളാണ് കയര്‍ പിരിക്കുന്നതിനു പരക്കെ ഉപയോഗത്തില്‍. 20 കിലോഗ്രാം കയര്‍ പരിക്കുന്നതിനു സൈക്കിള്‍ റാട്ടില്‍ രണ്ടു പേര്‍ ഏഴു മണിക്കൂര്‍ അധ്വാനിക്കണം. എന്നാല്‍, ഇലക്‌ട്രോണിക് റാട്ടില്‍ ഒരാള്‍ക്ക് അഞ്ചു മണിക്കൂറില്‍ 40 കിലോ കയര്‍ പിരിക്കാനാവും. ഒരു കിലോയില്‍ ചുവടെ മാത്രം ഭാരമുള്ള ഈ യന്ത്രം കൊണ്ടുനടക്കാനും എളുപ്പമാണ്. ബോറിക് ആസിഡ്, ബോറാമിന്‍, വെള്ളം എന്നിവ നിശ്ചിത അനുപാതയില്‍ കലര്‍ത്തി തയ്യാറാക്കുന്ന ദ്രാവകത്തില്‍ പുഴുങ്ങി അണുവിമുക്തമാക്കുന്ന കവുങ്ങുതടിയില്‍ നിന്നു ഗുണനിലവാരമുള്ള ടൈലുകള്‍ നിര്‍മിക്കുന്നതാണ് എല്‍ദോയുടെ പിന്തുണയോടെ മകന്‍ ദിദുല്‍ വികസിപ്പിച്ച വിദ്യ. സാധാരണ വലിപ്പമുള്ള കവുങ്ങ് തടിയില്‍നിന്നു 2.2 അടി നീളവും അത്രതന്നെ വീതിയുമുള്ള ആറു ടൈലുകള്‍ നിര്‍മിക്കാനാവുമെന്നാണ് ദിദുല്‍ തെളിയിച്ചത്. അടക്കാത്തൊണ്ടില്‍ നിന്നു നാരുകള്‍ വേര്‍തിരിച്ച് കിടക്കയും കുഷ്യനും നിര്‍മിക്കുന്ന വിദ്യയും ഈ ബാലന്‍ വികസിപ്പിച്ചിട്ടുണ്ട്. മീനങ്ങാടി കൊളഗപ്പാറയിലെ നാഷനല്‍ ബയോടെക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമാണ് എല്‍ദോ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss