|    Oct 23 Tue, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ 250 സ്‌കൂള്‍ ബസ്സുകള്‍ ജപ്തി ചെയ്തു

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് 250 സ്‌കൂള്‍ ബസ്സുകള്‍ ജപ്തി ചെയ്തു. ഇതില്‍ 10 ബസ്സുകള്‍ റയാന്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളിന്റേതാണ്. സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു സര്‍ക്കാര്‍ നടപടി. ഷഹ്ദാരയിലെ വിദ്യാലയത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുകയും ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണു ചട്ടലംഘനം നടത്തിയ സ്‌കൂള്‍ വാഹനങ്ങള്‍ ജപ്തി ചെയ്തത്. ഗുഡ്ഗാവില്‍ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ ബസ്സിലെ കണ്ടക്ടറാണ് അറസ്റ്റിലായത്. ബസ്സുകളിലെ പല ഡ്രൈവര്‍മാര്‍ക്കും പൊതു വാഹന ബാഡ്ജ് (പിഎസ്‌വി) ഇല്ലായിരുന്നെന്നും കണ്ടക്ടര്‍മാര്‍ സുപ്രിംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തവരാണെന്നും അധികൃതര്‍ പറഞ്ഞു. നിയമപ്രകാരം സ്‌കൂള്‍ ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ 10ാം തരം പാസായവരും വണ്ടിയോടിക്കുന്നതിനായുള്ള ലൈസന്‍സ് ഉള്ളവരുമായിരിക്കണം. സ്‌കൂള്‍ കുട്ടികളുടെ ഗതാഗത സൗകര്യങ്ങള്‍, മറ്റു സുരക്ഷാ കാര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഉന്നത തല സമിതി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. ഭാവിയില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഡല്‍ഹിയില്‍ 10,000ത്തോളം സ്വകാര്യ ബസ്സുകളും ടാക്‌സികളും കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനുമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഏര്‍പ്പാടാക്കുന്ന സ്‌കൂള്‍ ബസ്സുകള്‍, ടാക്‌സികള്‍ എന്നിവയുടെ ഉത്തരവാദിത്തം സ്‌കൂളുകള്‍ക്കായിരിക്കുമെന്ന് സൂചിപ്പിക്കുന്ന  സ്‌കൂള്‍ വാഹന നിയമത്തില്‍ 2007ല്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss