|    Nov 16 Fri, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ജനുവരി ഒന്നു മുതല്‍

Published : 25th December 2015 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള വാഹന നിയന്ത്രണം ജനുവരി ഒന്നു മുതല്‍ നടപ്പാക്കും. തുടക്കത്തില്‍ 15 ദിവസത്തേക്കാണ് നിയന്ത്രണം. വനിതകളെയും വിഐപികളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രിയുടെ കാറിന് ഇളവുണ്ടാവില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ സംഖ്യയിലും ഇരട്ട സംഖ്യയിലും അവസാനിക്കുന്ന നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ റോഡില്‍ ഇറങ്ങുകയുള്ളൂ. ഞായറാഴ്ച നിയന്ത്രണമില്ല. നിയമം തെറ്റിച്ചാല്‍ വാഹന ഉടമകളില്‍നിന്നും 2,000 രൂപ പിഴ ഈടാക്കും.രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണു നിയന്ത്രണം. ഇരുചക്ര വാഹനങ്ങള്‍ നിയന്ത്രണത്തിന്റെ പരിധിയില്‍ വരില്ല. കൂടാതെ, സിഎന്‍ജി (ഗ്യാസ്), ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കും സ്ത്രീകളും 12 വയസ്സില്‍ താഴെയുള്ള കുട്ടികളും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ ഉള്‍പ്പടെ രോഗികളുമായി പോവുന്ന വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും.
നിയന്ത്രണം ഉള്ളപ്പോള്‍ നിരത്തില്‍ ഇറങ്ങാവുന്ന വാഹനങ്ങളുടെ പട്ടിക ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭ ഉപാധ്യക്ഷന്‍, കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, ഗവര്‍ണര്‍മാര്‍, ഡല്‍ഹി മുഖ്യമന്ത്രി ഒഴികെയുള്ള മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള വാഹനങ്ങള്‍, പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ പൈലറ്റ് വാഹനങ്ങള്‍, എംബസികളുടെ വാഹനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. ഡല്‍ഹി മുഖ്യമന്ത്രി ഉള്‍പ്പെടെ എംഎല്‍എമാര്‍ കൂടുതല്‍ യാത്രക്കാര്‍ ഒരു കാറില്‍ യാത്ര ചെയ്യുന്ന കാര്‍ പൂളിങ് സംവിധാനത്തില്‍ ആയിരിക്കും സഞ്ചാരം.
എന്നാല്‍ വിഐപികളും സ്വമേധയാ നിയന്ത്രണങ്ങള്‍ക്കു വിധേയമാവണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. വാഹന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് പ്രശംസിച്ചിരുന്നു. അദ്ദേഹം നിയന്ത്രണം പിന്തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രിമാരോടു നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുകയും പൊതു ഗതാഗത സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുകയും ചെയ്താല്‍ നിയന്ത്രണം ഘട്ടംഘട്ടമായി നടപ്പാക്കും.
6,000 ബസ്സുകള്‍ കൂടുതലായി ഇറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയും കൂടുതല്‍ സര്‍വീസ് നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss