|    May 24 Wed, 2017 9:18 pm
FLASH NEWS

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളിവിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ പാന്‍മസാല ക്കടക്കാരനും മക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. പാലക്കാട് കോട്ടായി ശാസ്ത്രപുരം പ്രേം നിവാസില്‍ ഉണ്ണികൃഷ്ണന്‍-കൃഷ്ണകുമാരി ദമ്പതികളുടെ മകനും സാല്‍വന്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുമായ രജത് മേനോന്‍ (14) ആണു മരിച്ചത്.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ പോക്കറ്റ് എ രണ്ടില്‍ ബുധനാഴ്ച വൈകീട്ട് ആറോടെയാണു സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പാന്‍മസാല കടക്കാരന്‍ അലോക് പണ്ഡിറ്റ്, രണ്ടു മക്കള്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ക്ഷുഭിതരായ നാട്ടുകാര്‍ പാന്‍കട അടിച്ചുതകര്‍ത്തു.
സംഭവ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പോക്കറ്റ് വണ്‍ 40 ബി എംഐജി ഫഌറ്റിലാണു രജതും കുടുംബവും താമസിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്ന വഴിയാണു സംഭവം. സ്‌കൂട്ടറിലെത്തിയ രജത്തിനെയും കൂട്ടുകാരെയും തടഞ്ഞുവച്ചശേഷം കടയുടമ മക്കളെ വിളിച്ചുവരുത്തി. കടയില്‍നിന്നു സാധനം വാങ്ങിയെന്നും അതിന്റെ തുക എവിടെയെന്നും ചോദിച്ചാണു തടഞ്ഞുവച്ചത്. കടയുടമയുടെ മക്കള്‍ വിദ്യാര്‍ഥികളെ 100 മീറ്റര്‍ അകലെയുള്ള തപോവന്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ രജത് ബോധരഹിതനായി.
പരിഭ്രാന്തരായ പ്രതികള്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് പട്പട്ഗഞ്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രജത്തിന്റെ പിതാവ് കൃഷ്ണകുമാര്‍ സ്വകാര്യ കമ്പനിയില്‍ മാനേജരാണ്. സഹോദരന്‍: രാജീവ് മേനോന്‍ (പ്ലസ്‌വണ്‍ വിദ്യാര്‍ഥി).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day