|    Jul 28 Fri, 2017 8:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡല്‍ഹിയില്‍ മലയാളിയുടെ വധം: യുവതി അറസ്റ്റില്‍; ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി ചൂഷണം ചെയ്‌തെന്ന് മൊഴി

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വയോധികന്‍ ഫഌറ്റില്‍ കൊല്ലപ്പെട്ട കേസില്‍ പാലം സ്വദേശിയായ 25കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാംനമ്പര്‍ ഗേറ്റില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ് ഒന്ന് സമാചാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി ബി വിജയകുമാറി(65)നെയാണ് ഈ മാസം 20ന് ഉച്ചയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒന്നരവര്‍ഷമായി ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്ന് യുവതി മൊഴിനല്‍കിയതായി കിഴക്കന്‍ ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഋഷിപാല്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയകുമാറിനൊപ്പം മറ്റു രണ്ടുപേരും തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിനുശേഷമേ വിവരങ്ങള്‍ വ്യക്തമാവൂ എന്നാണ് പോലിസ് പറയുന്നത്.
യുവതിയുടെ പേരോ മറ്റു വിശദവിവരങ്ങളോ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയും ബിരുദധാരിയുമായ യുവതി 2014ലാണ് ഡല്‍ഹിയിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ വിവാഹിതയായി. 20ന് രാവിലെ 10 മണിയോടെ ഫഌറ്റിലെത്തിയ യുവതി രണ്ടുമണിക്കൂറിനു ശേഷമാണ് പുറത്തേക്കുപോയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിട്ടുണ്ട്. ടിവിയുമായി പോവുന്ന യുവതിയുടെ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങളെ പോലിസ് കാണിച്ചെങ്കിലും അവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന്, വിജയകുമാറിന്റെ മൊബൈല്‍ഫോണിലെ നമ്പറുകളും കോള്‍ലിസ്റ്റും ശേഖരിച്ചാണ് പോലിസ് അന്വേഷണം നടത്തിയത്.
2014 ഒക്‌ടോബറില്‍ ഒരു സുഹൃത്ത് വഴിയാണ് യുവതി വിജയകുമാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് തന്നെ വിജയകുമാര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഏഴുതവണ സമാചാര്‍ അപ്പാര്‍ട്ട്‌മെ ന്റിലെ ഫഌറ്റില്‍ ഇതിനു മുമ്പ് വന്നിട്ടുണ്ട്. ലോധി റോഡില്‍ വച്ചും ഇരുവരും കണ്ടുമുട്ടിയിട്ടുണ്ട്. ജോലി തരപ്പെടുത്തി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതിനാലാണ് വിജയകുമാറുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതെന്നാണ് യുവതി നല്‍കിയ മൊഴി.
വിജയകുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ അതേപ്രായത്തിലുള്ള മറ്റു രണ്ടുപേര്‍ കൂടി തന്നെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ പോലിസ് അന്വേഷിച്ചുവരുകയാണ്.
കൊലപാതകം നടന്ന ദിവസം വിജയകുമാര്‍ വിളിച്ചുവരുത്തി തന്നെ ചൂഷണം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയത്. താനുമായുള്ള സ്വകാര്യ വീഡിയോദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് വിജയകുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന വിജയകുമാര്‍ മൂന്നുവര്‍ഷം മുമ്പാണ് ജോലിയില്‍നിന്ന് വിരമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക