|    Nov 17 Sat, 2018 5:41 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡല്‍ഹിയില്‍ ഭിക്ഷാടനം ഇനി ക്രിമിനല്‍ക്കുറ്റമല്ല

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഇനിമുതല്‍ ഭിക്ഷാടനം ക്രിമിനല്‍ക്കുറ്റമാവില്ല. ഭിക്ഷാടനം ക്രിമിനല്‍ക്കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ബോംബെ യാചക നിരോധന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്.
രാജ്യതലസ്ഥാനത്തെ യാചകരുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍, കാര്‍ണിക സോണി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ചാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന്റെ നടപടി. പൗരന്‍മാര്‍ക്ക് തൊഴിലോ ഭക്ഷണമോ നല്‍കാത്ത സര്‍ക്കാരുകള്‍ക്ക് എങ്ങനെയാണ് ഭിക്ഷാടനം കുറ്റകൃത്യമാക്കാനാവുക എന്ന് മെയ് 18ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷണം നടത്തിയിരുന്നു.
1959ലെ ബോംബെ യാചക നിരോധന നിയമമാണ് 1960ല്‍ ഡല്‍ഹിയിലേക്കു വ്യാപിപ്പിച്ചത്. ഈ നിയമംമൂലമാണ് ഡല്‍ഹിയിലും ഭിക്ഷാടനം കുറ്റകരമാക്കിയത്. മുംബൈയിലെ യാചക നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലും നിയമം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഈ നിയമങ്ങള്‍ യാചനയുടെ യഥാര്‍ഥ ഘടകങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയമാണെന്നും ഇതു കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ വ്യവസ്ഥകള്‍ക്ക് എതിരായ ഒരു പഴഞ്ചന്‍ സമീപനമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കമുള്ളവര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss