|    Nov 21 Wed, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ ഇടുക്കി ജില്ലാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം അടിയന്തരമായി ഇറക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ധര്‍ണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഉദ്ഘാടനം ചെയ്തു.
നാലര വര്‍ഷമായിട്ടും അന്തിമ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സ്വാധീനം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്തിമ വിജ്ഞാപനം ഇറക്കുന്ന വിഷയത്തില്‍ കടുത്ത അലംഭാവമാണു കാണിക്കുന്നതെന്നും ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
2014ല്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്നത്തെ യുപിഎ, യുഡിഎഫ് സര്‍ക്കാരുകള്‍ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ട് കോണ്‍ഗ്രസ്സിനെതിരേ ആയുധമാക്കിയവര്‍ ഇന്നു കുറ്റകരമായ മൗനംപാലിക്കുകയാണ്. കരടു വിജ്ഞാപനം തട്ടിപ്പാണ് എന്നാക്ഷേപിച്ച് അധികാരത്തില്‍ വന്നവര്‍ക്കു നാളിതുവരെ ഈ വിഷയത്തില്‍ ഒരടി മുന്നോട്ടുപോവാന്‍ കഴിഞ്ഞിട്ടില്ല. കരട് വിജ്ഞാപനത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കിയിട്ടും ഇപ്പോഴും ഇഎസ്എ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുവെന്നു പ്രചരിപ്പിച്ചതിലൂടെ ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ്. സ്ഥലത്തിന്റെ വിലയിടിയുകയും വാങ്ങാന്‍ ആളില്ലാതാവുകയും വിവാഹങ്ങള്‍ പോലും മുടങ്ങുന്ന അവസ്ഥയുമുണ്ടായെന്നും ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കരട് വിജ്ഞാപനം തട്ടിപ്പാണെന്നും അന്തിമ വിജ്ഞാപനം ഇറക്കുമെന്നും അവകാശപ്പെട്ടവര്‍ ഇപ്പോള്‍ പറഞ്ഞത് വിഴുങ്ങുകയാണ്. ഇനിയും കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല. ഈ വിഷയത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനെ നേരില്‍ക്കണ്ടു ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുക്കുമെന്നു നേതാക്കള്‍ പറഞ്ഞു. ഈ വിഷയം ഉയര്‍ത്തി വിട്ടുവീഴ്ചയില്ലാത്ത സമരപോരാട്ടങ്ങള്‍ക്ക് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രൂപംനല്‍കും. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss