|    Mar 19 Mon, 2018 4:23 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഡല്‍ഹിയിലെ മഹാമാരി ഒരു സൂചന മാത്രം

Published : 5th October 2016 | Posted By: SMR

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയുടെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ ഡല്‍ഹി സംസ്ഥാന ആരോഗ്യമന്ത്രിക്ക് സുപ്രിംകോടതി പിഴ ചുമത്തി എന്ന വാര്‍ത്തയുടെ പിറകെ പോയാല്‍ നാം എത്തിച്ചേരുക രാജ്യത്തിന്റെ തലസ്ഥാനത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ അവസ്ഥ എത്ര ഭയാനകമാണ് എന്നതിലാണ്. ആഴ്ചകള്‍ മുമ്പു വരെ ഡല്‍ഹി പനിച്ചുവിറയ്ക്കുകയായിരുന്നു. ഇപ്പോഴും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന് കേന്ദ്ര ഭരണകൂടം, ആരോഗ്യകാര്യങ്ങളിലൊന്നും ശ്രദ്ധ പുലര്‍ത്താതെ ലഫ്റ്റനന്റ് ഗവര്‍ണര്‍; പോരാത്തതിന് ചേരിപ്പോരും. ഈ സ്ഥിതിവിശേഷമാണ് ഇപ്പോഴത്തെ സുപ്രിംകോടതിയുടെ ഇടപെടലിലേക്കും പിഴയിടലിലേക്കും നയിച്ചത്. അതിനിടയില്‍ നഗരം പനിയുടെ പിടിയില്‍ അമര്‍ന്നുപോവുകയായിരുന്നു.
ഇന്നത്തെ കാലത്ത് ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡല്‍ഹി പോലുള്ള ഒരു പ്രദേശം പനിയുടെ പിടിയിലമരുകയും അതിനെതിരായി അധികൃതര്‍ യാതൊരു നടപടിയും എടുക്കാതിരിക്കുകയും ചെയ്യാമോ? നിരവധി പേര്‍ പനിമൂലം മരിച്ചു. ഇപ്പോഴും പനി വിട്ടുമാറിയിട്ടില്ല. ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. സംസ്ഥാന ഭരണം എഎപിയുടെ കൈയില്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണറിലാണ് അപ്പോഴും അധികാരങ്ങള്‍ പലതും കേന്ദ്രീകരിച്ചുനില്‍ക്കുന്നത്. ഈ മൂന്നു കൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ രോഗബാധയ്ക്ക് അറുതിവരുത്താന്‍ യാതൊന്നും ചെയ്തില്ല. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ശ്രദ്ധ പഞ്ചാബ് തിരഞ്ഞെടുപ്പിലാണ്. ലഫ്. ഗവര്‍ണര്‍ സ്ഥലത്തുണ്ടാവുകപോലുമില്ല പലപ്പോഴും. ലക്ഷക്കണക്കിന് ആളുകള്‍ പനിബാധിതരായതിനും ആശ്വാസ നടപടികള്‍ക്കായി നെട്ടോട്ടമോടേണ്ടിവന്നതിനും ഈ ചക്കളത്തിപ്പോര് തന്നെയാണു കാരണം.
വന്‍ നഗരങ്ങളില്‍ പോലും ജനകീയ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ദയനീയമായ സ്ഥിതിയിലാണെന്നതിന് ഡല്‍ഹിയിലെ മഹാമാരി തെളിവാണ്. യാതൊരു ആസൂത്രണവുമില്ലാതെയാണ് ഡല്‍ഹി വളരുന്നത്. മികച്ച രണ്ടോ മൂന്നോ ആശുപത്രികള്‍ ഒഴിച്ചാല്‍ നഗരത്തിലുള്ളത് മൊഹല്ല ക്ലിനിക്കുകളാണ്. ഈ ക്ലിനിക്കുകളില്‍ മുന്നൂറിലധികം രോഗികള്‍ക്ക് ഒരു ഡോക്ടറാണുള്ളത്; ചികില്‍സാ സൗകര്യങ്ങള്‍ പരിമിതവും. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല. അതിനാല്‍ ഈ സ്ഥാപനങ്ങള്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുകയോ മാലിന്യം നീക്കംചെയ്യുകയോ ചപ്പുചവറുകള്‍ കുന്നുകൂടുന്നത് തടയുകയോ ചെയ്യാറില്ല. ലോകം ചുറ്റുന്ന തിരക്കില്‍ തന്റെ മൂക്കിനു മുമ്പിലുള്ള നഗരത്തിന്റെ അവസ്ഥ നരേന്ദ്ര മോദി ശ്രദ്ധിക്കാറുമില്ല. അദ്ദേഹത്തിന്റെ മനസ്സിലെ ആധികള്‍ വേറെ പലതുമാണല്ലോ.
ഇനിയും പനിയില്‍ നിന്നു വിമുക്തമായിട്ടില്ലാത്ത ഡല്‍ഹി ഒരു ചൂണ്ടുവിരലാണ്. ഏതു നഗരവും ഈ അവസ്ഥയിലെത്തിച്ചേരാന്‍ ഒരു പ്രയാസവുമില്ല; വിശേഷിച്ചും അടിമുടി മാലിന്യത്തില്‍ അടിപ്പെട്ടുനില്‍ക്കുന്ന കേരളത്തിലെ പട്ടണങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss