|    Apr 23 Sun, 2017 9:25 pm

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്തൂപം വടക്കാങ്ങരയില്‍നിന്നുള്ള ചെങ്കല്‍ പാറ

Published : 1st November 2016 | Posted By: SMR

ഷമീര്‍ രാമപുരം

രാമപുരം: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യമുന നദിയുടെ തീരത്ത് ഇന്ദിരാഗാന്ധിയുടെ ഓര്‍മയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒറ്റക്കല്‍ ചെങ്കല്‍ പാറ മങ്കട വടക്കാങ്ങര ഗ്രാമത്തിന്റെ സംഭാവനയാണന്നറിയുമ്പോള്‍ പുതു തലമുറയ്ക്ക് അല്‍ഭുതമാവും. 1984 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നത്. ആ ധീര വനിതയുടെ ഭൗതികശരിരം അടക്കം ചെയ്ത സമാധി സ്ഥലത്തെ സ്മൃതി സ്തൂപമാണ് വടക്കാങ്ങര രാമപുരം കൊങ്ങംപാറയില്‍ നിന്നു വെട്ടി ഇറക്കിയ ചെങ്കല്‍ പാറ. ഇന്ദിരാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനെന്ന പേരില്‍ 1985 ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പാറകല്ലുകള്‍ ശേഖരിച്ചിരുന്നു. ഏറ്റവും അനുയോജ്യമായത് പ്രത്യേക വാഹനത്തില്‍ വന്‍ സുരക്ഷയിലാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. ഇന്നത്തെ മക്കരപറമ്പ്-പുഴക്കാട്ടിരി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന രാമപുരം -പിലാപറമ്പ്-ചെങ്കട്ടി-മേലേകാളാവ് റോഡ് തിരിയുന്ന ഭാഗത്തുനിന്നാണ് പാറ കൊത്തിയെടുത്തതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ഡല്‍ഹി സന്ദര്‍ശിക്കുന്ന വിവിധ രാഷ്ട തലവന്‍മാര്‍ ഉള്‍പെടെയുള്ളവര്‍ ഇവിടെത്തെ നയന മനോഹരമായ പ്രകൃതി സൗന്ദര്യവും അസ്വാധിചാണ് മടങ്ങാറുള്ളത്. രാഷ്ട്ര ശില്‍പികളോടുള്ള ആദരസൂചകമായി ഇവിടെത്തെ വിളക്കുകള്‍ അണക്കാറില്ല. എല്ലാ വെള്ളിയാഴ്ചയും സര്‍വ്വമത പ്രാര്‍ഥനയും നടക്കാറുണ്ട്. രാഷ്ട്രതലസ്ഥാനത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സ്മൃതി സ്തൂപം വടക്കാങ്ങരയുടെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപെട്ടിരിക്കുന്നു. അക്കാലത്ത് മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന, ഇപ്പോഴത്തെ കോട്ടക്കല്‍ എംഎല്‍എ  കെ കെആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി പ്രത്യേക അഭിനന്ദന കത്ത് അയച്ചിരുന്നു. ഡല്‍ഹി സന്ദര്‍ശിക്കുന്ന നാട്ടുകാരില്‍ പലര്‍ക്കും ഈചരിത്രം പുതിയ അറിവാണ്. പുതുതലമുറയുടെ ഇന്ദിരാഗാന്ധി ഓര്‍മയില്‍ മറ്റൊരറിവായി ഈ ചെങ്കല്‍പാറ തലയെടുപ്പോടെ നില്‍ക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day