|    Nov 15 Thu, 2018 5:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയിലെ അധികാരത്തര്‍ക്കം: സുപ്രിംകോടതി വിധി പരിഹാരമാവും

Published : 5th July 2018 | Posted By: kasim kzm

ഡല്‍ഹി: നാലു വര്‍ഷം മുമ്പ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതു മുതല്‍ ഗവര്‍ണറുമായി തുടരുന്ന തര്‍ക്കങ്ങളില്‍ ബുധനാഴ്ചത്തെ സുപ്രിംകോടതി വിധി പരിഹാരമാവും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ശരിയായ അധികാരമെന്ന് വ്യക്തമാക്കിയ കോടതി സംസ്ഥാനസര്‍ക്കാരുമായി ഗവര്‍ണര്‍ പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
അഴിമതിവിരുദ്ധ വിഭാഗത്തിന്റെ(എസിബി) അധികാരം ആര്‍ക്കെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ട് തട്ടിലായിരുന്നു. വിവാദമായ സിഎന്‍ജി അഴിമതി, ഡിസിസിഎയുടെ (ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍) നിയമനം, സംസ്ഥാനത്തെ ഊര്‍ജ്ജവിതരണ കമ്പനികളുടെ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ പ്രതിനിധിയെ നിയമിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം സര്‍ക്കാരും ഗവര്‍ണറും തമ്മിലിടഞ്ഞു. ഭൂമി, പോലിസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിലല്ലാതെ മറ്റൊന്നിലും സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന കോടതി ഉത്തരവ് ഡല്‍ഹിയില്‍ തുടര്‍ന്നുള്ള ഭരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഇടയാക്കും.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍  ലഫ്. ഗവര്‍ണറെ അറിയിക്കണമെന്നും എന്നാല്‍ തീരുമാനങ്ങള്‍ക്ക് ഗവര്‍ണറുടെ അനുമതി വേണമെന്ന് ഇതിനര്‍ഥമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗവര്‍ണറുടെ തടസ്സംമൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ചാലോചിക്കാന്‍ ഉടന്‍ മന്ത്രിസഭായോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിധിക്കുശേഷം പ്രതികരിച്ചിരുന്നു.
അതുകൊണ്ടുതന്നെയാണ് ബുധനാഴ്ചത്തെ കോടതി വിധി ഏറെ നിര്‍ണായകമാവുന്നത്. ഡല്‍ഹി സ ര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതും ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുമാണ് ജസ്റ്റിസുമാരായ എ കെ സിക്രി, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിപറഞ്ഞത്. 15 ദിവസത്തെ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്.
ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്നു ഡല്‍ഹി ഹൈക്കോടതി 2016 ആഗസ്തിലാണ് വിധിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അധികാരത്തര്‍ക്കം സുപ്രിംകോടതിയിലെത്തിയത്. രാഷ്ട്രപതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് തീരുമാനവും അസാധുവാണെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ മറ്റു കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് ഡല്‍ഹിയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് എഎപി സര്‍ക്കാര്‍ വാദിക്കുന്നു. ഡല്‍ഹിക്കു പ്രത്യേക പദവി ലക്ഷ്യമിട്ട് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 239എ വകുപ്പാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
തര്‍ക്കം ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ അരവിന്ദ് കെജ്‌രിവാളും സംഘവും സമരം നടത്തുന്നതില്‍ വരെ എത്തിച്ച സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധി ഏറെ പ്രാധാന്യമുള്ളതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss