|    Oct 22 Sun, 2017 10:10 am
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയിലെ അധികാരത്തര്‍ക്കം; ആംആദ്മി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മോദി-കെജ്‌രിവാള്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം സുപ്രിംകോടതിയില്‍. ഡല്‍ഹിക്കു സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്നാവശ്യപ്പെടുന്ന ആംആദ്മി സര്‍ക്കാര്‍ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഭരണഘടനയിലെ 131ാം വകുപ്പനുസരിച്ച് സുപ്രിംകോടതിയുടെ അധികാരപരിധിയില്‍ വരുന്ന തര്‍ക്കമാണു കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ളതെന്നു ഡല്‍ഹി സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. ഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഇടയിലുള്ള ഭരണഘടനാപരമായ അധികാര വിഭജനത്തെക്കുറിച്ചു വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടു നേരത്തെ കെജ്‌രിവാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേന്ദ്രം പലപ്പോഴും ഡല്‍ഹി സര്‍ക്കാരിന്റെ ഭരണമേഖലയില്‍ കൈകടത്തുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയാണെന്നു കോടതി കൃത്യമായി നിര്‍വചിക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പറയുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹി പോലിസിനെ നിയന്ത്രിക്കുന്നതു കേന്ദ്രമാണെന്ന കാര്യവും പരാതിയില്‍ എടുത്തുപറയുന്നുണ്ട്. സംസ്ഥാനങ്ങളുടെ അധികാരപരിധിക്കു കീഴില്‍ വരുന്ന പല കാര്യങ്ങളിലും കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ടു വന്ന തര്‍ക്കങ്ങള്‍ ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്വന്തം ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ പോലും സംസ്ഥാനസര്‍ക്കാരിന് കഴിയാത്ത അവസ്ഥയാണെന്ന് ആംആദ്മി സര്‍ക്കാര്‍ ഹരജിയില്‍ പറഞ്ഞു. അധികാരത്തിലേറിയതുമുതല്‍ കെജ്‌രിവാള്‍ സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ ശീതസമരം തുടരുകയാണ്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനെ ഉപയോഗിച്ചാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുചിതമായി ഇടപെടുന്നതെന്നാണ് ആംആദ്മിയുടെ ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക