|    Mar 24 Fri, 2017 1:53 am
FLASH NEWS

ഡല്‍ഹിയിലെ അധികാരം: വിധി ഹൈക്കോടതി പറയും

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തലസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ അധികാര വിഭജനവുമായി ബന്ധപ്പെട്ട ഹരജികളില്‍ ഡല്‍ഹി ഹൈക്കോടതി തന്നെ ഉത്തരവു പ്രഖ്യാപിക്കുമെന്ന് സുപ്രിംകോടതി. ഇതു സംബന്ധമായി ഡല്‍ഹി എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയ ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലലിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ഇതു സംബന്ധമായി ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചത് ഡല്‍ഹി സര്‍ക്കാര്‍ തന്നെയായിരുന്നുവെന്നു പറഞ്ഞ കോടതി ഈ സാഹചര്യത്തില്‍ കോടതിയോട് വിഷയത്തില്‍ വിധി പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെടുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതി വാദം കേട്ടിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി തന്നെ വിധി പറയുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു. ഇന്നതില്‍ തീരുമാനിക്കണമെന്നും ഇന്നതില്‍ തീരുമാനമെടുക്കരുതെന്നും തങ്ങള്‍ എന്തിന് ഹൈക്കോടതിയോട് ആവശ്യപ്പെടണമെന്നും സുപ്രിംകോടതി ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ ഹൈക്കോടതിയോട് ആദ്യം ഉത്തരവു പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടണമെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ വാദം.
ഭരണഘടനയിലെ 131ാം വകുപ്പനുസരിച്ച് സുപ്രിംകോടതിയുടെ അധികാരപരിധിയില്‍ വരുന്ന തര്‍ക്കമാണ് കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ളതെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ വാദം.
എന്നാല്‍, ഹൈക്കോടതി ആദ്യം വിഷയം പരിഗണിച്ച് വിധി പറയട്ടെയെന്നും വേണമെങ്കില്‍ പിന്നീട് സുപ്രിംകോടതിക്ക് ഇതില്‍ അപ്പീല്‍ പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. കേന്ദ്രം പലപ്പോഴും ഡല്‍ഹി സര്‍ക്കാരിന്റെ ഭരണത്തില്‍ കൈകടത്തുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് കോടതി കൃത്യമായി നിര്‍വചിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിക്കു കീഴില്‍ വരുന്ന പല കാര്യത്തിലും കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങള്‍ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു.
സ്വന്തം ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനു കഴിയാത്ത അവസ്ഥയാണെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഹരജിയില്‍ പറഞ്ഞു. കൂടാതെ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹി പോലിസിനെ നിയന്ത്രിക്കുന്നത് കേന്ദ്രമാണെന്ന കാര്യവും പരാതിയില്‍ എടുത്തു പറഞ്ഞിരുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ ഉപയോഗിച്ചാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുചിതമായി ഇടപെടുന്നതെന്നാണ് ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ ആരോപണം.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക