|    Nov 18 Sat, 2017 4:32 am
Home   >  Todays Paper  >  Page 5  >  

ഡയാലിസിസ് മരുന്നിന് വില കൂടി; രോഗികള്‍ക്കു ദുരിതം

Published : 4th August 2017 | Posted By: fsq

 

വടകര: ഡയാലിസിസ് രോഗികള്‍ക്കുള്ള ലിക്വിഡ് മെഡിസിന്‍ ആയ ബക്‌സ്റ്ററിന് വില വര്‍ധിക്കുന്നത് രോഗികള്‍ക്കു പ്രയാസം സൃഷ്ടിക്കുന്നു. 2000 മില്ലീലിറ്ററിന്റെ ലിക്വിഡിന് ഇപ്പോള്‍ 230 രൂപയാണ് എംആര്‍പി. ഏതാനും ആഴ്ച മുമ്പാണ് ലിക്വിഡിന് വില വര്‍ധിച്ചത്. 230 രൂപ എംആര്‍പിയുള്ള ലിക്വിഡ് കാരുണ്യവഴി 209 രൂപയ്ക്കാണ് ഇപ്പോള്‍ വിറ്റുവരുന്നത്. നേരത്തെ 185 രൂപയ്ക്ക് ലഭിച്ച സ്ഥാനത്താണിത്. പെരിടോണിയല്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്കുള്ള ലിക്വിഡിനാണ് വില കൂടിയിരിക്കുന്നത്. ഒരു ഡയാലിസിസിന് ദിവസം നാല് പാക്കറ്റ് ലിക്വിഡ് ചികില്‍സയ്ക്കായി വേണ്ടിവരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒരു ഡയാലിസിസിന് മാത്രം 100 രൂപയോളം അധികം നല്‍കേണ്ടിവരുന്നു. കടം വാങ്ങിയും സാമ്പത്തിക ബുദ്ധിമുട്ടില്‍ ഞെരുങ്ങിയുമാണ് പലരും ഡയാലിസിസ് ചികില്‍സ ചെയ്യുന്നത്. മാസത്തില്‍ ആയിരക്കണക്കിന് രൂപയാണ് പലരും ചികില്‍സയ്ക്കായി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തില്‍ ലിക്വിഡിന് വില അടിക്കടി കൂടുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി രോഗികള്‍ പറഞ്ഞു.വടകര ഗവണ്‍മെന്റ് ഹോസ്പിറ്റലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാരുണ്യ മെഡിക്കല്‍ ഷോപ്പില്‍ ഏതാനും ദിവസങ്ങളായി ബക്സ്റ്റര്‍ ലിക്വിഡ് കിട്ടാനുമില്ല. ജിഎസ്ടി പ്രകാരമുള്ള വിലനിര്‍ണയവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സംമൂലമാണ് ലിക്വിഡ് വില്‍പനയ്ക്ക് തടസ്സം നേരിട്ടിരിക്കുന്നത്. കാരുണ്യയില്‍ ലിക്വിഡ് എത്തിയോ എന്ന് അന്വേഷിച്ച് ദിവസവും നിരവധി കോളുകളാണു വരുന്നതെന്നു ജീവനക്കാര്‍ പറഞ്ഞു.അതേസമയം ഡയാലിസിസിന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള 800ഓളം അവശ്യ മരുന്നുകളുടെ വില കുറയ്ക്കാന്‍ മരുന്നുകളുടെ വിലനിര്‍ണയത്തിനുള്ള സ്ഥാപനമായ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) കഴിഞ്ഞദിവസം തീരുമാനമെടുത്തിട്ടുണ്ട്. അഞ്ച് ശതമാനം ജിഎസ്ടി മാത്രം ഇത്തരം മെഡിസിനുകള്‍ക്ക് ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അര്‍ബുദം, എച്ച്‌ഐവി, ഡയാലിസിസ് തുടങ്ങിയ ജീവന്‍ രക്ഷാ മെഡിസിനുകളുടെ വിലയിലാണ് കുറവു വരിക. ജീവന്‍രക്ഷാ മരുന്നുകളൊഴികെയുള്ള മെഡിസിനുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്തിയിട്ടുണ്ട്. ഇതുപ്രകാരം മെഡിസിനുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ വിലവര്‍ധനവ് വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക