|    Feb 20 Mon, 2017 3:25 am
FLASH NEWS

ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചില്ല: ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാനാവാന്‍ ആളില്ല; പ്രതിസന്ധി രൂക്ഷം

Published : 17th November 2016 | Posted By: SMR

അങ്കമാലി: നഷ്ടത്തിലോടുന്ന ബാംബൂ കോര്‍പറേഷനില്‍ ചെയര്‍മാനാവാന്‍ ആളില്ല. കോ ര്‍പറേഷനില്‍ പ്രതിസന്ധി രൂക്ഷം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് നാലു മാസം കഴിഞ്ഞിട്ടും അങ്കമാലി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന് ചെയര്‍മാന്‍ ആരെന്നതു സംബന്ധിച്ച് തീരുമാനം ആവാത്തത് നഷ്ടത്തിലോടുന്ന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുവാന്‍ ആര്‍ക്കും താ ല്‍പര്യമില്ലാത്തതുകൊണ്ടെന്നു പറയുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എ പി ജെ ജോയിയായിരുന്നു ചെയര്‍മാന്‍. എന്നാല്‍ വ്യവസായവകുപ്പിന്റെ കീഴിലുള്ള ബാംബൂ കോര്‍പറേഷനില്‍ ഇതുവരെയും ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കുവാന്‍ ഭരണകക്ഷിക്കായിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ സിപിഎമ്മിലെ കെ എ ചാക്കോച്ചനായിരുന്നു ചെയര്‍മാന്‍. എന്നാ ല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതിനാലും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലവും അദ്ദേഹം വീണ്ടും വരുവാനുള്ള സാധ്യത കുറവാണ്. കനത്ത നഷ്ടത്തിലാണ് ബാംബൂ കോര്‍പറേഷന്റെ പ്രവര്‍ത്തനം എന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനമോഹികളുടെ എണ്ണം കുറവാണ്. പ്രതിമാസം 20,000 രൂപ ശമ്പളവും ഒരു കാറും മാത്രമാണു നേട്ടം. ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് യാതൊരു അദ്ഭുതവും ചെയ്യുവാനില്ലാത്തതിനാല്‍ സ്ഥാനത്തിന് ആര്‍ക്കും താല്‍പര്യവുമില്ല. അങ്കമാലി ആസ്ഥാനമായുള്ള ടെല്‍ക്കിന് ഉണ്ടായിരുന്ന സിഎംഡി പോസ്റ്റില്‍ ചെയര്‍മാനെ നിയമിക്കാ ന്‍ കാണിച്ച വ്യഗ്രത നഷ്ടത്തിലോടുന്ന ബാംബൂ കോര്‍പറേഷനോടില്ല. രണ്ടായിരത്തോളം തൊഴിലാളികളാണ് ബാംബൂ കോര്‍പറേഷനെ ആശ്രയിച്ചു ജീവിക്കുന്നത്. ഈറ്റവെട്ട്, പനമ്പു നെയ്ത്ത് മേഖലയില്‍ പണിയെടുക്കുന്നവരുടെ ജീവിതാവസ്ഥ വളരെ മോശമാണ്.
1971ലാണ് ബാംബൂ കോര്‍പറേഷന്‍ സ്ഥാപിതമായത്. ഈറ്റകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നതിലൂടെ ഈ മേഖലയിലുള്ളവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കി മുന്നോട്ടുപോവുക ലക്ഷ്യംവച്ചായിരുന്നു ബാംബൂ കോര്‍പറേഷന്‍ സ്ഥാപിച്ചത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി 1985ല്‍ ബാംബൂപ്ലൈ ഉല്‍പ്പാദിപ്പിക്കുന്നതിനായി ബാംബൂ ബോര്‍ഡ് ഫാക്ടറിയും ആരംഭിച്ചു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി 2011ല്‍ ഹൈടെക് ബാംബൂ ഫ്‌ളോറിങ് ടൈല്‍ ഫാക്ടറി കോഴിക്കോട് ജില്ലയിലെ നല്ലളത്ത് ആരംഭിച്ചു. പനമ്പു നെയ്ത്ത് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ജീവിതവൃത്തിക്കുള്ള പണം ലഭിക്കാതെ വന്നപ്പോള്‍ പനമ്പു നെയ്യുന്നതിന് ആളെ കിട്ടാതായി. ഈറ്റ വിതരണത്തിനും പനമ്പുശേഖരണത്തിനുമുണ്ടായിരുന്ന ഡിപ്പോകള്‍ പൂട്ടിപ്പോയി. പനമ്പിന്റെ ലഭ്യതയ്ക്കായി നെയ്ത്ത് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്താലും മാര്‍ക്കറ്റിങിലെ പരാജയം കോര്‍പറേഷനെ ദിനംപ്രതി നഷ്ടത്തിലേക്കാണു തള്ളിവിടുന്നത്.
കാലാകാലങ്ങളില്‍ വരുന്ന മാനേജ്‌മെന്റും ഉദ്യോഗസ്ഥരും കാട്ടുന്ന അലംഭാവം കോര്‍പറേഷനെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഗ്രാന്‍ഡില്‍ മാത്രം പ്രതീക്ഷ അ ര്‍പ്പിച്ചാണു സ്ഥാപനത്തിന്റെ മുന്നോട്ടു പോക്ക്. വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ അധികാരസ്ഥാനങ്ങളിലേക്ക് കടുത്ത മല്‍സരം നടക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയിലാണ് ബാംബൂ കോര്‍പറേഷന്‍.
നാഥനില്ലാത്ത അവസരം മുതലെടുത്ത് ഭരണകക്ഷി ട്രേഡ് യൂനിയന്‍ നേതാക്കള്‍ സമാന്തര ഭരണം നടത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക