|    May 23 Tue, 2017 5:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഡയമണ്ട് ലീഗില്‍ ബര്‍ഷിമിന് സ്വര്‍ണം

Published : 27th August 2016 | Posted By: SMR

ദോഹ: സ്വിറ്റ്സര്‍ലന്റിലെ ലൗസന്നെയില്‍ നടന്ന ഐഎഎഎഫ് ഡയമണ്ട്‌ലീഗില്‍ ഖത്തറിന്റെ മുഅ്തസ് ഈസ ബര്‍ഷിമിന് സ്വര്‍ണം. ഹൈജംപിലാണ് ബര്‍ഷിം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ ബര്‍ഷിമിന്റെ കരിയറിലെ മറ്റൊരു മികച്ച നേട്ടമായി ലൗസന്നെ ഡയമണ്ട് ലീഗിലെ സ്വര്‍ണം. 2.35മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ഷിം സ്വര്‍ണം സ്വന്തമാക്കിയത്. ലൗസന്നെയ്ക്ക് നന്ദി, ആസ്വദകരുടെ പിന്തുണ വിസ്മയിപ്പിക്കുന്നതാണ്- മല്‍സരശേഷം ബര്‍ഷിം പ്രതികരിച്ചു.
ബ്രിട്ടന്റെ റോബര്‍ട്ട് ഗ്രാബര്‍സ് വെള്ളിയും അമേരിക്കയുടെ എറിക്ക് കൈനാര്‍ഡ് വെങ്കലവും നേടി. ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ ഉക്രെയ്‌നിന്റെ ബൊഹ്ദന്‍ ബൊണ്ടാരങ്കോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഅ്തസ് ബര്‍ഷിമും ബൊണ്ടാരങ്കോയും തമ്മില്‍ ഒളിംപിക്സിനുശേഷമുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൂടിയായിരുന്നു ഇത്. മറ്റു മല്‍സരങ്ങളില്‍ നൂറു മീറ്ററില്‍ ജമൈക്കയുടെ അസഫ പവല്‍(9.96 സെക്കന്റ്), പോള്‍വോള്‍ട്ടില്‍ അമേരിക്കയുടെ സാം ഹെന്‍ഡ്രിക്സ്(5.92മീറ്റര്‍), 200 മീറ്ററില്‍ ഹോളണ്ടിന്റെ ചുറണ്ടി മാര്‍ട്ടീന(19.81സെക്കന്റ്),  വനിതാ വിഭാഗം നൂറു മീറ്ററില്‍ എലെയ്ന്‍ തോംപ്സണ്‍ എന്നിവര്‍ സ്വര്‍ണം നേടി.
റിയോയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന ഹൈംജംപ് ഫൈനലില്‍ 2.36 മീറ്റര്‍ ഉയരത്തിലേക്ക് പറന്നിറങ്ങിയാണ്  മുഅ്തസ് ബര്‍ഷിം വെള്ളിമെഡല്‍ സ്വന്തമാക്കിയത്. 2013ലെ മോസ്‌കോ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവും 2014ല്‍ പോളണ്ടിലെ സോപോട്ടില്‍ നടന്ന ലോക ഇന്‍ഡോറില്‍ ചാംപ്യനുമായിരുന്നു ബര്‍ഷിം. ഹൈജംപില്‍ ഇന്‍ഡോറിലും ഔട്ട്ഡോറിലും ഏഷ്യന്‍ റെക്കോര്‍ഡ് ബര്‍ഷിമിന്റെ പേരിലാണ്.
ഔട്ട്ഡോറില്‍ എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ ചാട്ടക്കാരനെന്ന ഖ്യാതിയും ഈ ഖത്തര്‍ താരത്തിനാണ്.  2014 സപ്തംബര്‍ അഞ്ചിന് ബ്രസല്‍സില്‍  നടന്ന ഐഎഎഎഫ് ഡയമണ്ട് ലീഗ് ഫൈനലില്‍  2.43 മീറ്റര്‍ (ഏതാണ്ട് 8 അടി) ഉയരത്തില്‍ ചാടിയാണ് ഈ നേട്ടം കൈവരിച്ചത്. ഏഷ്യന്‍ റെക്കോര്‍ഡാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day