|    Oct 21 Sun, 2018 7:19 am
FLASH NEWS

ഡബ്ല്യൂഎംഒ വിവാഹസംഗമം : വിവാഹിതരായത് 78 യുവതീയുവാക്കള്‍

Published : 3rd May 2017 | Posted By: fsq

 

മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിമൂന്നാമത് സ്ത്രീധന രഹിത വിവാഹസംഗമം ഓര്‍ഫനേജ് അങ്കണത്തില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇത് സാമൂഹികസേവനത്തിന്റെ പുതിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 78 യുവതീയുവാക്കളാണ് വിവാഹിതരായത്. ഇതോടെ ഡബ്ല്യൂഎംഒ വിവാഹസംഗമങ്ങളിലൂടെ 1,706 നിര്‍ധനരെ ദാമ്പത്യത്തിലേക്ക് നയിച്ചു.ഡബ്ല്യൂഎംഒ ജിദ്ദ ഹോസ്റ്റലില്‍ ആറു ഹൈന്ദവ സഹോദരിമാര്‍ കതിര്‍മണ്ഡപത്തില്‍ വിവാഹിതരായി. വര്‍ക്കല ഗുരുകുലാശ്രമം ഗുരുസ്വാമി തന്മയാനന്ദ മുഖ്യ കാര്‍മികത്വം വഹിച്ചു. എം ഐ ഷാനവാസ് എംപി മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, സുരേന്ദ്രന്‍ ആവൈത്താന്‍ സംസാരിച്ചു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം  പി കെ അനില്‍ കുമാര്‍, എന്‍ ഡി അപ്പച്ചന്‍, സിനിമാതാരം അബു സലീം, പി എച്ച് അബ്ദുല്ല, പ്രഫ. കെ വി ഉമര്‍ ഫാറൂഖ്, ഡോ. ടി പി എം ഫരീദ്, ഡോ. യു സൈതലവി പങ്കെടുത്തു. ഈശ്വരന്‍ നമ്പൂതിരി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.  പൊതു സമ്മേളന ഉദ്ഘാടനവും നിക്കാഹ് മുഖ്യകാര്‍മികത്വവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡബ്ല്യൂഎംഒ പ്രസിഡന്റ് കെ കെ അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. എം എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. സ്ത്രീധനമെന്ന സാമൂഹികദുരാചാരത്തിനെതിരേ കഴിഞ്ഞ 13 വര്‍ഷം ഡബ്ല്യൂഎംഒ നടത്തിയ പോരാട്ടം ശുഭപ്രതീക്ഷ നല്‍കിയെന്നും വ്യക്തികളും, സംഘടനകളും ഈ ദൗത്യമേറ്റെടുക്കുക വഴി വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രമുഖ ഗാന്ധിയനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ പി എ റഹീം, പി പി എ കരീം, മജീദ് മണിയോടന്‍, ബഷീര്‍ മൂന്നിയൂര്‍ കെ ടി ഹംസ മുസ് ല്യാര്‍, ജോയിന്റ് സെക്രട്ടറിമാരായ മായന്‍ മണിമ, മുഹമ്മദ് ഷാ മാസ്റ്റര്‍ സംസാരിച്ചു.  റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുത്തുബ നിര്‍വഹിച്ചു. ഹാഫിള് നിഅ്മത്തുല്ല ബീഹാര്‍, ഹുസ്‌ന ഹാഫിള എന്നിവര്‍ ഖിറാഅത്ത് നടത്തി.  12 മണിക്ക് പൊതു സമ്മേളന വേദിയില്‍ വച്ചാണ് നിക്കാഹുകള്‍ നടന്നത്. ഡബ്ല്യൂ എംഒ അന്തേവാസികളായ എട്ടു പേര്‍ സംഗമത്തില്‍ വിവാഹിതരായി. 2005ലാണ് ഡബ്ല്യൂഎംഒ സ്ത്രീധന രഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. വധുവിന് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വരന് ഒരു പവന്‍ സമ്മാനവും വിവാഹവസ്ത്രവും സദ്യയും നല്‍കി. ജില്ലക്കകത്തും പുറത്തു നിന്നുമുള്ള ഉദാരമതികളും, ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഫോസ്‌മോ ഗള്‍ഫ് ചാപ്റ്ററുമാണ് വിവാഹച്ചെലവുകള്‍ വഹിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി നടന്ന പ്രതേ്യക ചടങ്ങുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. എംഎസ്എഫ് വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തി. ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ദഫും ഒപ്പനയും അറബനയും മധുര ഗീതങ്ങളുമൊക്കെയായി ഡബ്ല്യൂഎംഒയിലെ മക്കള്‍ സജീവമായി.  7,000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss