|    May 21 Mon, 2018 12:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ട്വീറ്റിന് പിറകെ ട്വീറ്റ് ; വിവാദത്തില്‍ കുരുങ്ങി തലയൂരാനാവാതെ സോനു നിഗം

Published : 21st April 2017 | Posted By: fsq

 

മുംബൈ: പള്ളികളില്‍ നിന്നു പ്രഭാതത്തില്‍ പ്രാര്‍ഥനയ്ക്ക് ഉച്ചഭാഷിണിയിലൂടെ ആഹ്വാനം ചെയ്യുന്ന ബാങ്ക് വിളിക്കെതിരേ പ്രമുഖ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ് വിവാദം തുടരുന്നു. സാമൂഹിക മാധ്യമത്തില്‍ ട്വീറ്റ് ചെയ്ത അധിക്ഷേപം പി ന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഫ്‌സല്‍ ഇമാം സയീദ് ഗായകന് വക്കീല്‍ നോട്ടീസയച്ചു. മോശമായ പദപ്രയോഗം വ്യാപകമായ എതിര്‍പ്പിന് വഴിവച്ചതോടെ താന്‍ മുസ്‌ലിം വിരോധിയല്ലെന്നു തെളിയിക്കാനും സമതുലിതമാക്കുന്നതിനുമായി ക്ഷേത്രങ്ങളും ഗുരുദ്വാരകളും കൂടി കൂട്ടിച്ചേര്‍ത്ത്  വീണ്ടും ട്വീറ്റ് ചെയ്തതോടെ എതിര്‍പ്പു കൂടുതല്‍ ശക്തമായി.തിങ്കളാഴ്ച രാവിലെയായിരുന്നു എന്തിനാണ് മൈക്കിലൂടെ ബാങ്ക് വിളി എന്ന ചോദ്യവുമായി ആദ്യ ട്വീറ്റ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്‌ലിമല്ല. രാവിലെ ബാങ്ക് മുഴക്കി എന്നെ ഉണര്‍ത്തുന്നതെന്തിനാണ്? ഇന്ത്യയില്‍ ഈ നിര്‍ബന്ധിത മതകീയതയ്ക്ക് എന്നാണ് അറുതിയാവുക എന്നായിരുന്നു ട്വീറ്റ്. ഉച്ചഭാഷിണിയിലൂടെ ബാങ്ക് വെറും ഗുണ്ടാഗര്‍ദി അഥവാ തെമ്മാടിത്തമാണെന്ന പദവും ഗായകന്‍ പ്രയോഗിച്ചത് എതിര്‍പ്പ് ശക്തമാക്കി.അതോടെ ഗായകന്റെ രണ്ടാമത് ട്വീറ്റ് വന്നു. ‘മുഹമ്മദ് ഇസ്‌ലാം സ്ഥാപിച്ചപ്പോള്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എഡിസണ് ശേഷം ഈ അപസ്വരം ഞാനെന്തിന് ഏറ്റെടുക്കണ’മെന്ന്. അധിക്ഷേപകരമായ ട്വീറ്റുകള്‍ക്കെതിരേ രോഷമുയര്‍ന്നതോടെ ഗായകന്‍ ക്ഷമാപണ സ്വരത്തിലേക്കു മാറി. ‘മതം പാലിക്കാത്തവരെ ഉണര്‍ത്തുന്നതിന് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ക്ഷേത്രത്തിലും ഗുരുദ്വാരയിലും എനിക്ക് വിശ്വാസമില്ല. പിന്നെയെന്തിന്?- മൂന്നാം ട്വീറ്റ് വന്നു. പശ്ചിമബംഗാളിലെ ഒരു പ്രാദേശിക മതസംഘടനാ നേതാവ് സോനു നിഗമിനെ തലമൊട്ടയടിച്ച് ചെരിപ്പുമാലയണിയിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതിനെതിരേ പ്രതികരിച്ച സോനു നിഗം മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തല മുണ്ഡനം ചെയ്ത് പണം ആവശ്യപ്പെട്ടിരുന്നു. തന്റെ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നായിരുന്നു മറുപടി.മുംബൈ അന്ധേരി വെസ്റ്റിലെ വെര്‍സോവ പോഷ് മേഖലയിലെ അമര്‍നാഥ് ടവേഴ്‌സിലാണ് സോനു നിഗം താമസിക്കുന്നത്. അഞ്ച് ക്ഷേത്രങ്ങളും ഗുരുദ്വാരയും ചര്‍ച്ചും ഈ ഫഌറ്റിന് സമീപത്തുണ്ടായിട്ടും ഏതാണ്ട് ഒരു കീലോമീറ്റര്‍ അകലെയുള്ള മസ്ജിദിലെ ബാങ്ക് ഗായകന് തെമ്മാടിത്തരമായി തോന്നുന്നത് എന്തുകൊണ്ടാണെന്ന്് ഒരു വാര്‍ത്താ വെബ്‌സൈറ്റ് ചോദ്യമുന്നയിച്ചു. സോനു നിഗമിന് അന്ധേരിയിലെ മില്ലത്ത് ഏരിയയില്‍  ഫഌറ്റുണ്ടെന്നും അവിടെ കഴിയുമ്പോഴാണ് തിങ്കളാഴ്ച തന്റെ ഉറക്കം ശല്യപ്പെടുത്തുന്ന ബാങ്കിനെക്കുറിച്ച് ട്വീറ്റ് ചെയ്തതെന്നും വ്യക്തമാക്കിയ വെബ്‌സൈറ്റ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. സോനു നിഗമിന്റെ ട്വീറ്റിന് പലരും ട്രോള്‍ ചെയ്തത് ആളെ മാറി നടന്‍ സോനു സോദിനെയായിരുന്നു.  ശബ്ദമലിനീകരണം സംബന്ധമായ നിബന്ധനകള്‍ മതസ്ഥാപനങ്ങളും കര്‍ശനമായി പിന്തുടരണമെന്നും നിയമലംഘനത്തിന് മതം കാരണമായിക്കൂടെന്നും സുപ്രിംകോടതിയും ബോംബൈ ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. മതകേന്ദ്രങ്ങളില്‍ 50 ഡെസിബെലാണ് കോടതി അനുവദിച്ച പരിധി.  ബാങ്ക് വിളി, ആരതി തുടങ്ങിയ മതകര്‍മങ്ങളില്‍ ശബ്ദം പരിധി ലംഘിക്കാറില്ലെന്ന് വിവിധ മസ്ജിദുകളുടെയും ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ വ്യക്തമാക്കി. ശബ്ദം വളരെ കുറച്ചാണ് ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കാറുള്ളതെന്ന്് ഹാജി അലി ദര്‍ഗ പ്രതിനിധികള്‍ വ്യക്തമാക്കി. ഇതിനിടെ പ്രാദേശിക മതസംഘടനാ നേതാവ് നദീം റാണയും ജിന്‍സി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി ലഭിച്ചുവെങ്കിലും കേസെടുത്തിട്ടില്ലെന്ന് ഔറംഗബാദ് പോലിസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ സ്ഥിരീകരിച്ചു. ഉച്ചഭാഷിണിയുടെ ഉപയോഗത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് ട്വീറ്റ് കാരണമായെങ്കിലും ഭാഷാ ശൈലിയും പ്രയോഗിച്ച പദങ്ങളുമാണ് ഗായകനെ വിവാദത്തില്‍ കുരുക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss