|    Apr 22 Sun, 2018 12:55 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ട്വന്റി ലോകകപ്പ്: അവിസ്മരണീയം അഫ്ഗാന്‍…

Published : 13th March 2016 | Posted By: SMR

നാഗ്പൂര്‍: ചരിത്രത്തിലാദ്യമായി ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ 10ലേക്ക് ടിക്കറ്റെടുത്ത് ക്രിക്കറ്റ് പിച്ചില്‍ അഫ്ഗാനിസ്താന്റെ ചുണക്കുട്ടികള്‍ പുതിയ ചരിത്രം രചിച്ചു. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സിംബാബ്‌വെയെ നിഷ്പ്രഭരാക്കിയാണ് അഫ്ഗാന്‍ മുന്നേറിയത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ സിംബാബ്‌വെയെ അഫ്ഗാന്‍ 59 റണ്‍സിന് നാണംകെടുത്തുകയായിരുന്നു.
പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സിമാമുല്‍ ഹഖിന്റെ പരിശീലനമികവിലാണ് അഫ്ഗാന്‍ അവിസ്മരണീയ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മൂന്നു തവണയും ടൂര്‍ണമെന്റിന്റെ യോഗ്യതാറൗണ്ടില്‍ തന്നെ അഫ്ഗാന്‍ പുറത്തായിരുന്നു.
ഇന്നലെ നടന്ന മല്‍സരത്തിനു മുമ്പ് സൂപ്പര്‍ 10ലെത്താന്‍ അഫ്ഗാനും സിംബാബ്‌വെയ് ക്കും തുല്യ സാധ്യതയാണുണ്ടായിരുന്നത്. നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഇരുടീമും നാലു പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാര്‍ക്കു മാത്രമാണ് അടുത്ത റൗണ്ടില്‍ സ്ഥാനം ലഭിക്കുക യെന്നതിനാല്‍ ഇരുടീമിനും മല്‍സരം ഒരുപോലെ നിര്‍ണായകമായിരുന്നു.
ഇന്നലത്തെ കളിക്കു മുമ്പ് സിംബാബ്‌വെയ്‌ക്കെതിരേ നടന്ന നാലു ട്വന്റി മല്‍സരങ്ങളിലും ജയം അഫ്ഗാനൊപ്പമായിരു ന്നു. കളിക്കളത്തില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചാണ് അഫ്ഗാന്‍ നിര ഇന്നലെ ചരിത്രത്തിലേക്ക് ബാറ്റുമായി നടന്നുകയറിയത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 186 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മല്‍സരഫലം കുറിക്കപ്പെട്ടിരുന്നു.
കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ മുഹമ്മദ് നബിയായിരുന്നു അഫ്ഗാന്റെ ഹീറോ. 32 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 52 റണ്‍സാണ് താരം നേടിയത്. സമിയുല്ല ഷെന്‍വാരി (43), ഓപണര്‍ മുഹമ്മദ് ശഹ്‌സാദ് (40) എന്നിവരും അഫ്ഗാന്‍ ഇന്നിങ്‌സിനു വിലപ്പെട്ട സംഭാവന നല്‍കി.
മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും സിംബാബ്‌വെയ്ക്ക് വിജയസാധ്യതുണ്ടായിരുന്നില്ല. രണ്ടു പന്ത് ബാക്കിനില്‍ക്കെ 127 റണ്‍സില്‍ സിംബാബ്‌വെ പോരാട്ടം അവസാനിപ്പി ച്ചു. സിംബാബ്‌വെ നിരയില്‍ ഒരാള്‍ക്കുപോലും 20 റണ്‍സ് തികയ്ക്കാനായില്ല. 17 റണ്‍സോടെ പുറത്താവാതെ നിന്ന പേസര്‍ തിനാഷെ പന്യങ്കരയാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍.
മൂന്നു വിക്കറ്റെടുത്ത റഷീദ് ഖാനും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാമിദ് ഹസ്സനുമാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്. ദൗലത്ത് സദ്രാന്‍, സമിയുല്ല ഷെന്‍വാരി, നബി, അസ്ഗര്‍ സ്റ്റാനിക്‌സായ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് എയിലാണ് അഫ്ഗാന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അടുത്ത വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് സൂപ്പര്‍ 10ല്‍ അഫ്ഗാന്റെ ആദ്യ മ ല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss