|    Jan 16 Mon, 2017 6:42 pm

ട്രൈബല്‍ സൊസൈറ്റി ഏറ്റെടുത്ത വീടുനിര്‍മാണം പാതിവഴിയില്‍

Published : 14th October 2016 | Posted By: Abbasali tf

മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തില്‍ ട്രൈബല്‍ സൊസൈറ്റി നിര്‍മാണം ഏറ്റെടുത്ത 20 ആദിവാസി വീടുകള്‍ ഒന്നരവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. ഇതോടെ നേരത്തെയുണ്ടായിരുന്ന വീടുകള്‍ പൊളിച്ച കുടുംബങ്ങളുടെ ജീവിതം ദുസ്സഹമായി. കഴിഞ്ഞ ദിവസം അതിസാരം പിടിപെട്ട് മരിച്ച ഏഴുവയസ്സുകാരി താമസിച്ചിരുന്ന ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ രണ്ടുമാസം മാത്രം പ്രായമായ കൈക്കുഞ്ഞും യുവതിയും ഇപ്പോഴും നരകിക്കുന്നു. ആദിവാസി മേഖലയില്‍ സ്വകാര്യ കരാറുകാര്‍ വീടുനിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതു തടയാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് രൂപീകരിച്ച ട്രൈബല്‍ വര്‍ക്കേഴ്‌സ് സൊസൈറ്റികള്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ 2015ല്‍ ഏറ്റെടുത്ത 20 വീടുകളാണ് ഇപ്പോഴും മേല്‍ക്കൂരയില്‍ പോലുമെത്താതെ നില്‍ക്കുന്നത്. നിരവില്‍പ്പുഴ കോളനി, കേളോം, മാരാടി കോളനികളിലായാണ് 20 വീടുകളുടെ കരാര്‍ 2015 ജനുവരിയില്‍ സൊസൈറ്റി ഏറ്റെടുത്തത്. ഇതില്‍ കേളോം കോളനിയില്‍ എട്ടു വീടുകളാണുള്ളത്. കൂടുതല്‍ ഭൂമിയില്ലാത്തതിനാല്‍ നേരത്തെയുണ്ടായിരുന്ന താല്‍ക്കാലിക വീടുകളും കക്കൂസുകളും പൊളിച്ചുമാറ്റിയാണ് വീടുപണി തുടങ്ങിയത്. എന്നാല്‍, പണി തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരുവീട് പോലും പൂര്‍ത്തിയാക്കാന്‍ സൊസൈറ്റിക്ക് കഴിഞ്ഞില്ല. കേളോം കോളനിയിലെ വീടുകളെല്ലാം ലിന്റല്‍ ഉയരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍ത്തിയിരിക്കുകയാണ്. കോളനിയിലെ കുടുംബങ്ങള്‍ മഴയും വെയിലും തണുപ്പും സഹിച്ചാണ് പ്ലാസ്റ്റിക് കൂരകളില്‍ കഴിയുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പൊതുസ്ഥലങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇത്തരത്തില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് ഈ മാസം ഒമ്പതിന് കേളോം കോളനിയിലെ ചന്ദ്രന്‍-ചുണ്ട ദമ്പതികളുടെ ഏഴു വയസ്സുള്ള മകള്‍ അതിസാരം പിടിപെട്ട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഇവര്‍ താമസിക്കുന്ന കൂരയില്‍ ബന്ധുവായ സിന്ധു പ്രസവം കഴിഞ്ഞ് രണ്ടുമാസം പ്രായമായ കുഞ്ഞുമായി ഇപ്പോഴും കഴിയുന്നു. 2014ലെ പ്ലാന്‍ഫണ്ടില്‍ നിന്ന് അനുവദിച്ച തുക പ്രകാരമുള്ള വീടുകളുടെ പണിയാണ് അനന്തമായി നീളുന്നത്. ഏറ്റടുത്ത വീടുകളുടെ രണ്ടു ഗഡുക്കളായ 1,42,500 രൂപ സൊസൈറ്റി കൈപ്പറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് വൈകിയതും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതുമാണ് പണി വൈകുന്നതിനു കാരണമായി പറയുന്നത്. എന്നാല്‍, ഇതുകാരണം ഒരു കുട്ടി മരിക്കാന്‍ ഇടയായതും 20 കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നതും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക