|    Aug 21 Tue, 2018 11:14 am
FLASH NEWS

ട്രോളിങ് നിരോധനം : തീരത്ത് ഇനി വറുതിയുടെ നാളുകള്‍

Published : 14th June 2017 | Posted By: fsq

 

കണ്ണൂര്‍: ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരുന്നതോടെ മീന്‍പിടിത്ത തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിക്കാലം. 47 ദിവസമാണ് മീന്‍പിടിത്തതിനു കടലില്‍ നിരോധനം. യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനു നിരോധനം വരുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉപജീവനം മുട്ടുക മാത്രമല്ല, മീനിനും മാംസങ്ങള്‍ക്കുമെല്ലാം വില കുതിച്ചുയരുകയും ചെയ്യും. പ്രത്യേകിച്ച് റമദാന്‍ കാലമായതിനാലും മഴ ശക്തി പ്രാപിക്കുകയും കൂടി ചെയ്യുന്നതിനാല്‍ മല്‍സ്യ-മാംസാദികള്‍ക്ക് വില ക്രമാതീതമായി വര്‍ധിക്കാനാണു സാധ്യത. ഒന്നരമാസം ഇനി പരമ്പരാഗത വള്ളങ്ങള്‍ മാത്രമേ കടലിലുണ്ടാവൂ. 12 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയിലാണ് (24 കിലോമീറ്റര്‍) വള്ളങ്ങള്‍ മല്‍സ്യബന്ധനം നടത്തുന്നത്. മീനുകളുടെ പ്രജനന കാലമായതിനാലാണ് ഈ സമയത്ത് യന്ത്രവല്‍കൃത ബോട്ടുകളെ മീന്‍ പിടിക്കാന്‍ അനുവദിക്കാത്തത്. കാറ്റും കാലാവസ്ഥാ വ്യതിയാനവും കാരണം കടലില്‍ മല്‍സ്യലഭ്യത കുറഞ്ഞതോടെ മാസങ്ങളായി വരുമാനമില്ലാതായ തൊഴിലാളികള്‍ ട്രോളിങ് കൂടിയാവുന്നതോടെ കടുത്ത ആശങ്കയിലാണ്. ഉള്‍നാടുകളിലേക്ക് ഉള്‍പ്പെടെ മീനെത്തിച്ച് വില്‍പന നടത്തുന്നവര്‍ക്കും ട്രോളിങ് കാലം വറുതിയുടെ കാലം തന്നെ. വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്/മിനി ട്രോളിങ് എന്നിവയും നടത്താന്‍ പാടില്ല. നിയമം ലംഘിച്ച് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനം. പരമ്പരാഗത മല്‍സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ വിവരവും മൊബൈല്‍ഫോണ്‍ നമ്പറും സൂക്ഷിക്കണം. മല്‍സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഒന്നരമാസം സൗജന്യറേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവരെ പിടികൂടാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരുക്കിയിട്ടുള്ളത്. ഇതിനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി കടലിലും കരയിലും നിരീക്ഷണം നടത്തും. പ്രത്യേക സംയുക്ത പട്രോളിങും നടക്കും. പരിശീലനം ലഭിച്ച സുരക്ഷാ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. പോലിസിന്റെ സഹായവും ഉണ്ടാവും. കാലാവസ്ഥാ മുന്നറിയിപ്പുകളും ബന്ധപ്പെട്ട വകുപ്പുകളുടെ മറ്റു നിര്‍ദേശങ്ങളും പാലിച്ച് മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ മാത്രമേ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറങ്ങാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രധാന സ്‌റ്റേഷനുകളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍: 0497 2732487, 9496007039, 9496007033.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss