|    Dec 19 Wed, 2018 1:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

Published : 9th June 2018 | Posted By: kasim kzm

പൊന്നാനി: ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കെ എല്ലാ ബോട്ടുകളും കരയ്ക്കണഞ്ഞു. ശനിയാഴ്ച മുതലാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാവുക. എന്നാല്‍, വെള്ളിയാഴ്ച സാധാരണഗതിയില്‍ മല്‍സ്യബന്ധന യാനങ്ങള്‍ കടലില്‍ പോവാറില്ല. ഇതിനാല്‍ ട്രോളിങ് നിരോധനത്തിന് ഒരുദിവസം മുമ്പു തന്നെ ബോട്ടുകള്‍ കരയ്ക്കടുപ്പിച്ചു.
മാസങ്ങളായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഒട്ടുമിക്ക ബോട്ടുകളും കടലില്‍ പോയിട്ടില്ല. ഇതോടെ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇതോടൊപ്പം 53 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനംകൂടിയാവുമ്പോള്‍ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാവും. ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിങിന്റെ ഭാഗമായി 10000ഓളം ബോട്ടുകളുടെ എന്‍ജിന്‍ നിലയ്ക്കുമ്പോള്‍ മീന്‍പിടിത്തം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളംതെറ്റും.
മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കില്‍ ഇത്തവണ കേന്ദ്ര നിര്‍ദേശപ്രകാരം 53 ദിവസമാണ്. കഴിഞ്ഞ മൂന്നാഴ്ചയായി ആഴക്കടലില്‍ ശക്തമായ കാറ്റും കോളുമായതിനാല്‍ ബോട്ടുകാര്‍ക്ക് കാര്യമായൊന്നും കിട്ടിയിരുന്നില്ല. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പൊതുവെ നല്ല പണിയുണ്ടാവാറുണ്ട്. ഇത്തവണ മീന്‍ കിട്ടിയതേയില്ല. ഡീസലിന്റെ പൈസപോലും ലഭിക്കാതെയാണ് മിക്ക ബോട്ടുകളും തിരിച്ചെത്തിയത്. കടല്‍ക്കാറ്റ് ശക്തമായതിനാല്‍ മിക്ക ബോട്ടുകളും വേഗത്തില്‍ തീരമണയുകയാണ്. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്ന തിരക്കാണ് സംസ്ഥാനത്തെ വിവിധ മല്‍സ്യബന്ധന തുറമുഖങ്ങളില്‍. കരയ്‌ക്കെത്തിയ ബോട്ടുകാര്‍ വല, ജിപിഎസ്, ഇക്കോ സൗണ്ട്, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കുകയാണ്.
ബേപ്പൂരിലും പൊന്നാനിയിലും കടലില്‍ പോവുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ ഏറെപേരും തമിഴ്‌നാട്ടുകാരും ബംഗാളികളുമാണ്. ഇവരൊന്നിച്ച് നാട്ടിലേ—ക്കു മടങ്ങിത്തുടങ്ങി. മല്‍സ്യമേഖലയില്‍ എക്കാലത്തെയും മോശമായ സീസണാണ് കടന്നുപോയത്. വെറുംകൈയോടെ മടങ്ങിയെത്തിയ ദിനങ്ങള്‍ ഏറെയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. ബോട്ടുടമകളെ കടക്കെണിയിലേ—ക്കും തൊഴിലാളികളെ പട്ടിണിയിലേക്കും തള്ളിവിട്ട സീസണായിരുന്നു ഇത്തവണ. 53 ദിവസത്തെ നിരോധനത്തിനു പകരം മല്‍സ്യം പിടിക്കുന്നതിന് നിയന്ത്രണമാണു വേണ്ടതെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.
അതേസമയം, നിരോധനംമൂലം പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ പട്ടിണിയിലമരുമ്പോള്‍ വിദേശ കപ്പലുകള്‍ യഥേഷ്ടം മീന്‍ പിടിക്കുകയാണ്. ഇതിന് സര്‍ക്കാര്‍തലത്തില്‍ നടപടി വേണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധന കാലയളവില്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈല്‍ വരെ പരമ്പരാഗത വള്ളക്കാര്‍ക്ക് മല്‍സ്യബന്ധനം അനുവദിക്കും. ഇവര്‍ എത്തിക്കുന്ന മല്‍സ്യമാവും ഇനിയുള്ള നാളുകളില്‍ വിപണിയിലെത്തുക. ട്രോളിങ് നിരോധനം ലംഘിക്കുന്നതു തടയാന്‍ ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. 9ന് അര്‍ധരാത്രി മുതല്‍ ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കടല്‍ പട്രോളിങ് തുടങ്ങുമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss