|    Oct 17 Tue, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രോളിങ് നിരോധനം അവസാനിച്ചു; ഹാര്‍ബറുകള്‍ സജീവമായി

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: 47 ദിവസമായി തുടരുന്ന ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രി അവസാനിച്ചതോടെ ഹാര്‍ബറുകള്‍ സജീവമായി. ഇതര സംസ്ഥാനത്തുനിന്നുള്ള 1,200 ബോട്ടുകള്‍ അടക്കം മൂവായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് മല്‍സ്യബന്ധനത്തിറങ്ങുക.
കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം ആയിരത്തോളം ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹാര്‍ബറുകളിലെ ബോട്ടുകളില്‍ ഐസ്, വെള്ളം തുടങ്ങിയവ സംഭരിക്കുന്നത് ശനിയാഴ്ചതന്നെ തുടങ്ങിയിരുന്നു. ബോട്ടുകളില്‍ ജോലിചെയ്യുന്നത് ഏറെയും ഇതര സംസ്ഥാനക്കാരാണ്. രണ്ടു ദിവസം മുമ്പുതന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. 1988ലാണ് കേരളത്തില്‍ വര്‍ഷകാല ട്രോളിങ് നിരോധനം തുടങ്ങിയത്. 1994 മുതല്‍ നിരോധനകാലം 47 ദിവസമാക്കി. തുടക്കത്തില്‍ നിരോധനകാലത്ത് ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഇത്തവണ നിരോധന കാലത്തും പരമ്പരാഗത വിഭാഗം മല്‍സ്യത്തൊഴിലാളികള്‍ക്ക് കാര്യമായി മല്‍സ്യം കിട്ടിയില്ല.
അവസാന ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില കേന്ദ്രങ്ങളില്‍ ചാകര പ്രത്യക്ഷപ്പെട്ടെങ്കിലും തൊഴിലാളികള്‍ പ്രതീക്ഷിച്ച രീതിയില്‍ മല്‍സ്യം ലഭിച്ചില്ല. എന്നാല്‍, അവസാന ദിവസങ്ങളില്‍ നാരന്‍, പൂവാലന്‍ ഇനം ചെമ്മീന്‍ ലഭിച്ചു. ചിലയിടങ്ങളില്‍ കടലില്‍ ‘അപ്പ് വെല്ലിങ് ‘ പ്രതിഭാസമുണ്ടായതിനാലാണ് ചെമ്മീന്‍ ലഭിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ ഏഴ് മാസത്തോളമായി മല്‍സ്യവറുതി അനുഭവപ്പെടുന്നതിനാല്‍ ബോട്ടുകളും പരമ്പരാഗത വള്ളങ്ങളുമൊക്കെ പ്രതിസന്ധിയിലാണ്. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് മല്‍സ്യമേഖല കടന്നുപോവുന്നത്. നല്ല മഴയുണ്ടായിട്ടും കടല്‍ കനിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ മല്‍സ്യം വിപണിയിലേക്ക് എത്തുന്നതോടെ വില കുറയുന്നതിനും വഴിയൊരുങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക