|    Nov 17 Sat, 2018 1:04 pm
FLASH NEWS

ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന് വിട

Published : 15th December 2015 | Posted By: SMR

കല്‍പ്പറ്റ: ജില്ലയില്‍ ട്രേഡ് യൂനിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ പ്രധാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി കെ ഗോപാലന് വയനാട് വിടനല്‍കി. ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന പി കെ ഗോപാലന്‍ (86) വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ പഞ്ചായത്തില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ പാറോക്കോട്ട് കെ ഗോവിന്ദന്‍ നായരുടെയും കെ മാധവിയമ്മയുടെയും നാലു മക്കളില്‍ രണ്ടാമത്തെയാളായി ജനനം. മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1951 മുതല്‍ എം കെ ജിനചന്ദ്രന്‍, ടി എം രാഘവന്‍, എ വി രാധാഗോപി മേനോന്‍, കെ കുമാരന്‍, കെ നാരായണക്കുറുപ്പ് എന്നിവരുടെ കൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായും തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായും സാമൂഹികസേവനം തുടങ്ങി. ഐഎന്‍ടിയുസിയില്‍ അഫിലിയേഷനുള്ള മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
സി കെ ഗോവിന്ദന്‍നായര്‍, കെ പി കുട്ടികൃഷ്ണന്‍ എന്നിവര്‍ യൂനിയന്‍ പ്രസിഡന്റായിരുന്ന കാലത്ത് അവരോടൊപ്പം സജീവ പ്രവര്‍ത്തകനായിരുന്നു. 1980ല്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി ഉയര്‍ന്ന പി കെ ഗോപാലന്‍ 1982ല്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി ബാലുശ്ശേരിയില്‍ നിന്നു നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു.
മലബാര്‍ ഡിസ്ട്രിക്ട് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ഓഫിസ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി സംസ്ഥാന ഖജാഞ്ചി, സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി മെംബര്‍, നാഷനല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കെപിസിസി മെംബര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ബോര്‍ഡ് അംഗം, ചിറ്റൂര്‍ ഷുഗര്‍മില്ല് ചെയര്‍മാന്‍, അഖിലേന്ത്യാ ഷുഗര്‍ ഫെഡറേഷന്‍ അംഗം, മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ബോര്‍ഡ് അംഗം, സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയംഗം, ആര്‍ടിഎ അംഗം, തൃക്കൈപ്പറ്റ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രേഡ് യൂനിയന്‍ ജില്ലാ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായി 16 വര്‍ഷം പ്രവര്‍ത്തിച്ചു. നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കരിപ്പോട്ടില്‍ ജാനകിയമ്മയാണ് ഭാര്യ. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും തോമാട്ടുചാല്‍ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായ പി കെ അനില്‍കുമാര്‍, ഭാനുമതി, അംബിക മക്കളാണ്. മരുമക്കള്‍: ഗോവിന്ദന്‍കുട്ടി, ശശിധരന്‍.
പി കെ ഗോപാലന് അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും തൊഴിലാളികളുമാണ് ഡിസിസി ഓഫിസിലേക്ക് എത്തിയത്.
രാവിലെ 10നു തന്നെ ഡിസിസി ഓഫിസ് പരിസരം നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. 10.30ഓടെ മേപ്പാടിയില്‍ നിന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം ഡിസിസി ഓഫിസിലെത്തി.
പ്രസിഡന്റ് കെ എല്‍ പൗലോസ്, എന്‍ ഡി അപ്പച്ചന്‍, പി പി ആലി, പി കെ ഗോപാലന്റെ മകനും ജില്ലാ പഞ്ചായത്ത് മെംബറുമായ പി കെ അനില്‍കുമാര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. ഡിസിസി ഓഫിസിന് മുന്നില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി, മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍, മലയോരവികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, കെപിപിസിസി സെക്രട്ടറിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, വി വി പ്രകാശ്, വി എ കരീം, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു, മലപ്പുറം ഡിസിസി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി, ജില്ലാ ബാങ്ക് പ്രസിഡന്റ് പി വി ബാലചന്ദ്രന്‍, മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി പി എ കരീം, അഡ്വ. ജമാല്‍, എന്‍ കെ റഷീദ്, റസാഖ് കല്‍പ്പറ്റ, പി കെ അബൂബക്കര്‍, ജനതാദള്‍ (യു) നേതാക്കളായ കെ കെ ഹംസ, അഡ്വ. ജോര്‍ജ് പോത്തന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സിഎംപി നേതാവ് ടി മോഹനന്‍, ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയ്, ട്രേഡ് യൂനിയന്‍ നേതാക്കളായ സി ഭാസ്‌കരന്‍, പി കെ മൂര്‍ത്തി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എംപി എന്നിവര്‍ക്കു വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി എം സുരേഷ് ബാബു, എന്‍ സുബ്രഹ്മണ്യന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍മന്ത്രി പി ശങ്കരന്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ യു കെ ഭാസി, ടി സിദീഖ് മേപ്പാടിയിലെത്തി പി കെ ഗോപാലന് അന്ത്യോപചാരമര്‍പ്പിച്ചു. മേപ്പാടി പത്താംമൈലിലെ പൊതുശ്മശാനത്തില്‍ വൈകീട്ട് ആറോടെ മൃതദേഹം സംസ്‌കരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss