|    Jun 26 Mon, 2017 7:21 pm
FLASH NEWS

ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയില്ല; യാത്രക്കാര്‍ ചങ്ങല വലിച്ച് നിര്‍ത്തി

Published : 26th November 2016 | Posted By: SMR

കായംകുളം: ചണ്ഡിഗഡില്‍നിന്നും കൊച്ചുവേളിയിലേക്ക് പോവുയായിരുന്ന സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയില്ല. യാത്രക്കാര്‍ ചങ്ങല വലിച്ച് നിര്‍ത്തി. ഇന്നലെ ഉച്ചയ്ക്ക് 1.12 ഓടെയായിരുന്നു സംഭവം.  ട്രെയിനാണ് സ്റ്റോപ്പുണ്ടായിരുന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു.ആലപ്പുഴ വഴി എത്തുന്ന ട്രെയിന്‍ നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുമെന്ന് അിറയിപ്പു നല്‍കിയതോടെ തിരുവനന്തപുരത്തേക്ക് പോകാനുള്ള യാത്രക്കാര്‍ ട്രെയിനില്‍കയറാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ വേഗത കുറച്ച് എത്തിയെങ്കിലും നിര്‍ത്താതെ പോകുന്നതുകണ്ട് ബാഗുകളുമായി യാത്രക്കാര്‍ പിന്നാലെ ഓടി. ഇതേസമയം ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ നിന്ന യാത്രക്കാര്‍ സ്റ്റേഷനില്‍ നിര്‍ത്താഞ്ഞതോടെ  പരിഭ്രാന്തരായി നിലവിളിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.ഇതിനിടയില്‍ പലരും ചാടിയിറങ്ങാന്‍ ശ്രമിച്ച് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനില്‍ കയറാനുള്ളവരും ഇറങ്ങാനുള്ളവരും ലഗേജ് ബാഗുകളുമായി പാളത്തിലൂടെ നെട്ടോട്ടമോടി.ഇരുപതോളം ബോഗികളുള്ള ട്രെയിനിന്റെ മൂന്നു ബോഗികള്‍ മാത്രമാണ് പഌറ്റ്‌ഫോമില്‍ നിന്നത്. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ ഡല്‍ഹിയിലേക്കുള്ള കേരളാ എക്‌സ്പ്രസും മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനും നിറുത്തിയിട്ടിരുന്നതിനാലാണ് സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്. സാധാരണയായി ട്രെയിന്‍ സ്റ്റേഷനില്‍ എത്തി നിന്നാലുടന്‍ തന്നെ പച്ച സിഗ്നല്‍ നല്‍കുകയാണ് പതിവ്. എന്നാല്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് സ്റ്റേഷനില്‍ എത്തി നിറുത്തുന്നതിനു മുമ്പായി പച്ച സിഗ്നല്‍ നല്‍കിയതാണ് നിറുത്താതെ മുന്നോട്ടു പോവാന്‍ കാരണമായതെന്നാണ് ലോക്കോപൈലറ്റ് പറഞ്ഞത്. ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ ചിലര്‍ സംഭവത്തില്‍ ക്ഷുഭിതരായി ട്രെയിനുമുന്നില്‍ കയറി നിന്ന് ബഹളം വച്ചു. ചിലര്‍ സ്റ്റേഷന്‍മാസ്റ്ററുടെ മുറിക്കുമുന്നിലെത്തി ബഹളം വെച്ചതോടെ ആര്‍പിഎഫും സംഭവം അിറഞ്ഞ് കായംകുളം എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസുമെത്തി. തുടര്‍ന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സമാധാനിപ്പിച്ച് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു.പതിനഞ്ചു മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക