|    Oct 24 Wed, 2018 8:07 am
FLASH NEWS

ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

Published : 9th September 2017 | Posted By: fsq

 

കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ സ്വര്‍ണമാല മോഷ്ടിച്ച രണ്ട് തമിഴ്‌നാട് സ്വദേശിനികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കൊയിലാണ്ടിയില്‍ നിന്നും പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മേപ്പയ്യൂര്‍ സ്വദേശിനി ബേബിയുടെ അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. തമിഴ്‌നാട് മധുര സ്വദേശികളായ ഇന്ദു എന്ന ഇന്ദ്രാണി, മാരു എന്ന മാരിമുത്ത് എന്നിവരെയാണ് ഇന്നലെ രാവിലെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് തിരക്ക് മുതലെടുത്ത് മോഷണം നടത്താനായി കേരളത്തിലെത്തിയ സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസ്സ്റ്റാന്റുകളിലും നടന്ന കളവു കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് സംശയിക്കുന്നു. കൂടാതെ കഴിഞ്ഞയാഴ്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈ സ്വദേശി സജിത വേണുഗോപാലിന്റെ ബാഗില്‍ നിന്ന് 25 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ കളവുപോയ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ പൊലീസ് സംശയിക്കുന്നുണ്ട്.മധുരയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറി മോഷണവും പിടിച്ചുപറിയും തൊഴിലായി സ്വീകരിച്ച കലമേട് ഊരിലെ താമസക്കാരാണ് ഇവര്‍. മോഷണത്തില്‍ വിദഗ്ധ പരിശീലനം കിട്ടിയ വന്‍ ശൃംഖലയിലെ ചെറിയ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയും കോളനിയിലെ കുട്ടികളെ ചെറുപ്പം മുതലെ കളവ് മുതലായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കുന്ന സംഘത്തില്‍ പെട്ടവരുമാണ് ഇവരെന്ന് വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഉത്സവകാലങ്ങളിലും മറ്റുമാണ് ഇവര്‍ മോഷണത്തിനായി എത്തുന്നത്. മോഷണത്തില്‍ പങ്കെടുക്കുന്ന ഇവര്‍ക്ക് കൂലിയാണ് നല്‍കുന്നത്. തൊണ്ടിമുതലുകള്‍ ശൃംഖലയിലെ മുതിര്‍ന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുതലുകള്‍ കൈപ്പറ്റുന്നവരെക്കുറിച്ചോ മധുരയിലെ ഊരിനെക്കുറിച്ചോ പൊലീസിനോട് പറഞ്ഞാല്‍ ഇവരെ ഊരില്‍ നിന്ന് പുറത്താക്കുകയും ഇതിന്റെ പേരില്‍ കൊടുംപീഡനങ്ങള്‍ സഹിക്കേണ്ടിവരികയും ചെയ്യും. ഇതിനാല്‍ ഇത്തരക്കാര്‍ അന്വേഷണത്തില്‍ സഹകരിക്കാറില്ല. പിടിയിലായാല്‍ തന്നെ തെറ്റായ മേല്‍വിലാസം നല്‍കി ജാമ്യത്തിലിറങ്ങി തുടര്‍ കോടതി നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് ഇവരുടെ രീതി. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇവരെ ജാമ്യത്തിലെടുക്കുന്നതടക്കം മറ്റു നിയമകാര്യങ്ങളെല്ലാം പിന്നിലുള്ള ഉന്നത സംഘാംഗങ്ങള്‍ ചെയ്തു കൊടുക്കും. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയില്ലെന്നും പൊലീസ് പറഞ്ഞു.പ്രതികളെ പിടികൂടിയ കേരള റെയില്‍വേ പൊലീസ് അന്വേഷണ സംഘത്തില്‍ എസ്‌ഐ ബി.കെ. സിജു, എഎസ്‌ഐമാരായ ശ്രീനിവാസന്‍, സാംസണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസറായ പ്രസീത, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍മാരായ ദേവരാജന്‍, സുധീര്‍ എന്നിവരാണുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss