|    Jan 23 Mon, 2017 1:52 pm
FLASH NEWS

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ സൈനികന്റെ കുടുംബം കയറിക്കിടക്കാന്‍ വീടില്ലാതെ വലയുന്നു

Published : 30th July 2016 | Posted By: SMR

ചെങ്ങന്നൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ സൈനികന്റെ കുടുംബം കയറിക്കിടക്കാന്‍ വീടില്ലാതെ വലയുന്നു. ഗ്രഫ് ജീവനക്കാരനായിരുന്ന മുളക്കുഴ പിരളശ്ശേരി ആമ്പല്ലൂര്‍ വീട്ടില്‍ ഡി സുശീലന്‍(40) നാട്ടിലേക്ക് വരുന്നതിനു വേണ്ടി മണിപ്പൂരിലെ തോമ്പല്‍ എന്ന സ്ഥലത്ത് നിന്ന് 2015 ഫെബ്രുവരി 17ന് ഗുവാഹതിയിലേക്ക് 15666 നമ്പര്‍ ട്രെയിനിലും തുടര്‍ന്ന് ഗുവാഹതിയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് 15516 ട്രെയിനിലും യാത്ര ചെയ്‌തെങ്കിലും നാട്ടിലെത്തിയില്ല.  19ന് വിജയവാഡയില്‍ എത്തുന്നതുവരെ മൊബൈല്‍ ഫോണില്‍ ഭാര്യയെ വിളിച്ചിരുന്നതായി രേഖകള്‍ ഉണ്ട്.
നാട്ടിലെത്തേണ്ട സമയം കഴിഞ്ഞ് ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന്  ഭാര്യ സുശീല പറയുന്നു. എന്നാല്‍ അടുത്തദിവസം രാവിലെ 10 മണിയോടെ സഹയാത്രികനായ മറ്റൊരാള്‍ ഫോണില്‍ വിളിച്ച് സുശീലനെ ട്രെയിനില്‍ കാണാനില്ല എന്നുപറഞ്ഞതായും ഭാര്യ പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാതായതിനെക്കുറിച്ച് സഹയാത്രികരും സൈനികരുമായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തില്‍ താന്‍ ചെങ്ങന്നൂര്‍ റെയില്‍വേ പോലിസിലും കോട്ടയം റെയില്‍വേ പോലിസിലും പരാതി നല്‍കുകയും സഹയാത്രികര്‍ തന്നെ ഭര്‍ത്താവിന്റെ പെട്ടിയും ബാഗും റെയില്‍വേ പോലിസിന്റെ സാന്നിധ്യത്തില്‍ തങ്ങളെ ഏല്‍പ്പിച്ചെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നും ബാഗിലുണ്ടായിരുന്ന ചില വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയില്‍ ആയിരുന്നെന്നും ട്രെയിനില്‍ എന്തോ പിടിവലി നടന്നതായി സംശയമുണ്ടെന്നും ഭാര്യ പറയുന്നു. പിന്നീട് ഗുണ്ടൂരിലും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ പോലിസിലും പരാതി നല്‍കുകയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഭര്‍ത്താവിന്റെ ഫോട്ടോയുള്ള പോസ്റ്റര്‍ കാണാനില്ല എന്ന പേരില്‍ പതിയ്ക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ വീടുപണിക്കായി ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ കുടിശികയായതിന്റെ പേരില്‍ ബാങ്കുകാരുടെ ഭീഷണിയും ഇവരെ വലയ്ക്കുന്നു.
പതിനാറും പതിന്നാലും വയസ്സുള്ള രണ്ടു കുട്ടികളുമായി ഭര്‍ത്താവിനെ കാണാതായ ശേഷം ജീവിക്കാന്‍ പാടുപെടുന്ന ഇവര്‍ ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജ് ജങ്ഷനില്‍ ഒരു മാടക്കട നടത്തിയാണ് ഇപ്പോള്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ തിരോധാനത്തിന് ശേഷം വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ താമസസ്ഥലം ഒഴിയേണ്ടി വന്നതിനെ തുടര്‍ന്ന് സ്വന്തമായുള്ള 5 സെന്റ് ഭൂമിയില്‍ വീട് വയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇപ്പോള്‍ ഇതേ സ്ഥലത്ത് ടാര്‍പ്പാളിന്‍ ഷീറ്റ് മേല്‍ക്കൂരയായി വലിച്ചു കെട്ടി രണ്ട് മക്കളുമായി കഴിയുകയാണ് ഈ വീട്ടമ്മ. കനത്ത കാറ്റും മഴയുമുള്ളപ്പോള്‍ അടുത്ത വീടിന്റെ കാര്‍പോര്‍ച്ചിലാണ് ഇവര്‍ സംരക്ഷണം തേടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക