|    Jan 17 Tue, 2017 6:49 pm
FLASH NEWS

ട്രെയിന്‍ പാളംതെറ്റി; അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്

Published : 29th August 2016 | Posted By: SMR

അങ്കമാലി: തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിലെ കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്നലെ പുലര്‍ച്ചെ 2.15ഓടെയാണ് സംഭവം. ആളപായമില്ല. ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. ഈ സമയം എതിര്‍ ട്രാക്കിലൂടെ ചെന്നൈ എക്‌സ്പ്രസ് വരുന്നുണ്ടായിരുന്നു. സ്‌റ്റേഷന്‍ മാസ്റ്ററുടെ സമയോചിത ഇടപെടല്‍ മൂലം ചെന്നൈ എക്‌സ്പ്രസ് പാളം തെറ്റിയ കോച്ചുകളുമായി കൂട്ടിയിടിക്കാതെ വന്‍ദുരന്തം ഒഴിവായി.
മലബാര്‍ എക്‌സ്പ്രസിന്റെ 24 കോച്ചുകളില്‍ എസ്-4 മുതലുള്ള 12 കോച്ചുകളാണ് പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സാധ്യതയില്ലെന്നു റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ പി കെ മിശ്ര പറഞ്ഞു.  സംഭവത്തെക്കുറിച്ച് ചീഫ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കും.
അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. റെയില്‍വേയുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള  ഗതാഗതം ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചു. എന്നാല്‍, വടക്കോട്ടുള്ള ഗതാഗതം ഇന്നു രാവിലെ മാത്രമേ പുനഃസ്ഥാപിക്കാനാവൂ.
അങ്കമാലി സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ സാധാരണ വേഗം കൈവരിക്കുന്നതിനു മുമ്പായിരുന്നു അപകടം. ഇത് അപകടതീവ്രത കുറയാന്‍ കാരണമായി. വലതുവശത്തെ പാളത്തിന്റെ ഉള്ളിലായിരുന്നു വിള്ളല്‍. പുറമേനിന്നുള്ള സാധാരണ പരിശോധനയില്‍ ഈ വിള്ളല്‍ കാണാനാവുമായിരുന്നില്ല. ഈ ഭാഗത്ത് ട്രെയിന്‍ കയറിയപ്പോള്‍ പാളം മുറിഞ്ഞുപോയി. സ്ലീപ്പറുകളും ഒടിഞ്ഞു. പാളത്തിന്റെ മൂന്നു മീറ്ററോളം ഭാഗം മുറിഞ്ഞതോടെ രണ്ട് എസി കോച്ചുകളും മുന്നിലെ 10 കോച്ചുകളും ചരിഞ്ഞു. ഇതില്‍ ഏഴെണ്ണം പൂര്‍ണമായും പാളത്തില്‍ നിന്നു മാറി. പാളം വളയുകയും സ്ലീപ്പറുകള്‍ പൊട്ടുകയും ചെയ്തു.
ശക്തമായ മഴയുണ്ടായിരുന്നെങ്കിലും മെറ്റലിനു മുകളിലൂടെ കോച്ചുകള്‍ ഉരഞ്ഞത് വന്‍ ശബ്ദമുണ്ടാക്കി. കൂടാതെ പൊടിപടലങ്ങള്‍ ഉയരുകയും ചെയ്തു. പാളം തെറ്റിയ എസ്-8 കോച്ച് സിഗ്‌നല്‍ പോസ്റ്റ് ഇടിച്ചുതകര്‍ത്തു. കോണ്‍ക്രീറ്റ് തൂണ്‍ തെറിച്ചുപോയി. അപകടം പുലര്‍ച്ചെ ആയതിനാല്‍ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന പലരും താഴെ വീണു. പാളം തെറ്റിയതറിഞ്ഞ ലോക്കോ പൈലറ്റ് സഡന്‍ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയെന്നും ഇത് അപകടത്തിന്റെ തോതു കുറയ്ക്കാന്‍ കാരണമായെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പുതന്നെ സംഭവസ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ദൂരസ്ഥലങ്ങളിലുള്ള യാത്രക്കാരെ വിവിധ ബസ്സുകളില്‍ കയറ്റിവിട്ടു. കെഎസ്ആര്‍ടിസി അധികൃതരുടെ നിര്‍ദേശപ്രകാരം എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളും കറുകുറ്റിയില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി. കറുകുറ്റി സ്‌റ്റേഷന്‍ വരെയെത്തിയ ചെന്നൈ എക്‌സ്പ്രസില്‍ രാവിലെ 6.30ഓടെ യാത്രക്കാരെ ചാലക്കുടിയില്‍ എത്തിച്ചു.
ഏരിയാ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണര്‍ രഘുവീര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാളം തെറ്റിയ കോച്ചുകള്‍ മാറ്റുന്നതിനായി അഞ്ഞൂറോളം തൊഴിലാളികള്‍ രാവിലെ എത്തി. ഹൈഡ്രോളിക് ജാക്കിയുടെ സഹായത്തോടെ എസ്-3 ബോഗിയാണ് ആദ്യം നീക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക