|    Mar 25 Sat, 2017 7:38 am
FLASH NEWS

ട്രെയിന്‍ അപകടത്തിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ച; പാളത്തിലെ വിള്ളല്‍ യഥാവിധി പരിഹരിച്ചില്ല

Published : 30th August 2016 | Posted By: SMR

magalapuram-express

കൊച്ചി: അങ്കമാലി കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു സമീപം തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റെയില്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേയുടെ ഉന്നതതല യോഗം ഇന്നു കൊച്ചിയില്‍ ചേരും.
ഏതാനും ദിവസം മുമ്പ് സ്‌കാനിങ് മെഷീന്‍ പരിശോധനയില്‍ കറുകുറ്റി സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായി പാളത്തിന്റെ ഇരുവശവും താല്‍ക്കാലികമായി സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് മുറുക്കിയെന്നാണ് വിവരം.
വിള്ളല്‍ കണ്ടെത്തിയ ഭാഗത്തെ പാളം മുറിച്ചുമാറ്റിയതിനു ശേഷം പാളത്തിന്റെ തന്നെ കഷണം വെല്‍ഡ് ചെയ്ത് ഘടിപ്പിക്കേണ്ടതാണ്. എന്നാല്‍, ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരുമെന്ന് എറണാകുളം ഏരിയാ മാനേജര്‍ രാജേഷ് ചന്ദ്രന്‍ പറഞ്ഞു. മലബാര്‍ എക്‌സ്പ്രസിന്റെയും ചെന്നൈ എക്‌സ്പ്രസിന്റെയും ലോക്കോ പൈലറ്റുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സ്റ്റേഷന്‍ ജോലിക്കാര്‍,  ട്രാക്കില്‍ ജോലിചെയ്യുന്നവര്‍ എന്നിവരോട്  യോഗത്തിലെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാളം തെറ്റിയ കോച്ചുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇവയ്ക്ക് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കണം. പാളത്തിലെ  വിള്ളല്‍ യഥാവിധം പരിഹരിച്ചില്ലെന്ന ആരോപണവും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്നു മംഗലാപുരത്തേക്കു പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് ഞായറാഴ്ച പുലര്‍ച്ചെ 2.15നാണ് കറുകുറ്റി സ്‌റ്റേഷനു സമീപം പാളം തെറ്റിയത്. ഇന്നലെയാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായത്. എങ്കിലും മിക്ക ട്രെയിനുകളും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക