|    Apr 26 Wed, 2017 1:28 pm
FLASH NEWS

ട്രെയിനിനു മുന്നില്‍നിന്ന് പുഴയിലേക്ക് ചാടി വിദ്യാര്‍ഥികളുടെ സാഹസികത

Published : 18th July 2016 | Posted By: SMR

ഗാസിയാബാദ്: ചീറിപ്പാഞ്ഞുവന്ന ട്രെയിന്‍ തൊട്ടരികിലെത്തിയപ്പോള്‍ പാലത്തിന് മുകളില്‍നിന്നു പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥികളുടെ സാഹസിക പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് കാഴ്ചക്കാരുടെ നെഞ്ചിടിപ്പുയരുന്ന ഈ ദൃശ്യം ചിത്രീകരിച്ചത്.
ഏഴു പേരടങ്ങളുന്ന സംഘമാണ് ഇതിന് പിന്നില്‍. മസൂറി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ റെയില്‍വേയുടെ ലഖ്‌നോ-ഡല്‍ഹി സെക്ഷനിലെ ഗംഗാ കനാലിന് കുറുകെയുള്ള പാലത്തിലാണ് സംഭവം. ട്രെയിനിനു മുന്നില്‍ സാഹസിക പ്രകടനം നടത്തിയ കുട്ടികളില്‍ എല്ലാവരുടേയും പ്രായം പത്തിനും പതിനഞ്ചിനും ഇടയ്ക്കാണ്.
അതിവേഗത്തില്‍ പാലത്തില്‍ പ്രവേശിച്ച ട്രെയിന്‍ കുട്ടികളെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണു കടന്നുപോവുന്നത്. പുഴയിലേക്ക് ചാടിയ ശേഷം യാതൊന്നും സംഭവിക്കാത്ത മട്ടില്‍ കുട്ടികള്‍ നീന്തുന്ന രംഗമാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. പുഴയോരത്തുനിന്ന് ആരോ പകര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.എന്നാല്‍, ദൃശ്യത്തിലുള്ളവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
സംഭവത്തില്‍ ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എസ്പി രാഗേഷ് പാണ്ഡെ, എഡിഎം പ്രീതി ജയ്‌സ്വാള്‍ എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. സംഭവസ്ഥലം സന്ദര്‍ശിച്ച പോലിസ് ഇത്തരം സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് നാട്ടുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
എന്നാല്‍, അടുത്ത നഗരത്തില്‍നിന്നു വരുന്ന കുട്ടികളാണ് ഇത്തരം പ്രവൃത്തികള്‍ക്കു പിന്നിലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ചില കുട്ടികള്‍ പുഴയിലേക്ക് ചാടുന്നതിന് മുമ്പ് ട്രെയിനില്‍ തൊടാന്‍ ശ്രമിക്കാറുണ്ടെന്നും ട്രെയിന്‍ ഏകദേശം രണ്ടുമുതല്‍ അഞ്ചടി വരെ അടുത്തെത്തുമ്പോഴാണ് പുഴയിലേക്ക് ചാടുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day