|    Apr 22 Sun, 2018 2:29 pm
FLASH NEWS

ട്രിപ്പ് മുടക്കുന്ന ബസ്സുകള്‍ക്ക്എതിരേ കര്‍ശന നടപടി

Published : 24th November 2016 | Posted By: SMR

കണ്ണൂര്‍: സ്വകാര്യബസ്സുകള്‍ രാത്രികാലങ്ങളിലും ഞായറാഴ്ചകളിലും അനധികൃതമായി ട്രിപ്പ് മുടക്കുന്നത് തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പ് നല്‍കി. ബസ് ജീവനക്കാരുടെ ഇത്തരം പ്രവണതകള്‍ക്കെതിരേ യോഗത്തില്‍ പരക്കെ വിമര്‍ശനമുയര്‍ന്നു. പരിമിതമായ ബസ്സുകള്‍ മാത്രമോടുന്ന റൂട്ടുകളില്‍ സര്‍വീസ് മുടക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അനധികൃതമായി ട്രിപ്പ് മുടക്കുന്നതു കാരണം രാത്രി ഏഴിനുശേഷം നഗരത്തിലേക്ക് ബസ്സുകള്‍ കിട്ടാത്ത അവസ്ഥയാണ്.  ഇതുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമിതി യോഗത്തിലുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ബസ്സുടമകളുടെ സംഘടനകളെയും മോട്ടോര്‍ വാഹനവകുപ്പ്, പോലിസ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നത്. അവശ്യസര്‍വീസ് എന്ന നിലയ്ക്ക് ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ട്രിപ്പുകള്‍ മുടക്കുന്നത് ശരിയല്ലെന്ന് താലൂക്ക് വികസന സമിതി അംഗം സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരാണ് ഇതുമൂലം കഷ്ടപ്പെടുന്നതെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ അഭിപ്രായപ്പെട്ടു. ബസ്സില്‍ യാത്രക്കാര്‍ കുറയുന്നുവെന്ന വാദം ശരിയാണ്. എങ്കിലും ഇടയ്ക്കിടെ സര്‍വീസ് മുടക്കുന്നത് ഇതിനൊരു കാരണമാവുന്നുണ്ട്. സര്‍വീസ് നടത്തുമെന്ന് ഉറപ്പുള്ള ബസ്സുകള്‍ക്ക് വേണ്ടി ആളുകള്‍ എത്രനേരവും കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബസ് റൂട്ടുകളില്‍ സ്റ്റോപ്പുകളിലും ജങ്ഷനുകളിലും നിന്ന് ആളുകളെയെടുത്ത് സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്‌ഐ വ്യക്തമാക്കി. പെര്‍മിറ്റ് എടുത്ത റൂട്ടുകളില്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും നിലപാട് തുടര്‍ന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ അമിതവേഗം, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്നിവ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വി എം സജീവന്‍, ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വി ജെ സെബാസ്റ്റിയന്‍, ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ രാജ്കുമാര്‍, ചെറുകിട ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം വി വല്‍സലന്‍, കെ ഗംഗാധരന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss