|    Feb 26 Sun, 2017 6:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

ട്രിപിള്‍ സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

Published : 11th November 2016 | Posted By: SMR

രാജ്‌കോട്ട്: ജോയി റൂട്ടും മോയിന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും കളം നിറഞ്ഞാടി സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ഒന്നാമിന്നിങ്‌സില്‍ 537 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചുകൂട്ടിയത്. ആദ്യമായി ടെസ്റ്റ് മല്‍സരം നടക്കുന്ന രാജ്‌കോട്ടില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ നിഷ്പ്രഭമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഇംഗ്ലീഷ് പട കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 63 റണ്‍സ് എടുത്തിട്ടുണ്ട്. ഗൗതം ഗംഭീറും (28*) മുരളി വിജയും (25*) ആണ് ക്രീസില്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവച്ചത്. മികച്ച തുടക്കം മുതലാക്കി അടിച്ചുകയറിയ മധ്യനിരയാണ് ഇംഗ്ലണ്ടിന് തുണയായത്. കുക്കിന്റെയും ഹസീബ് ഹമീദീന്റെയും 40 റണ്‍സ് ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിന് ശേഷം മൂന്നിന് 102 എന്ന നിലയിലേക്ക് ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് ഇടിഞ്ഞെങ്കിലും നാലാം വിക്കറ്റിലൊത്തു കൂടിയ ജോയ് റൂട്ടും മോയിന്‍ അലിയും ഇന്ത്യയുടെ അന്തകരായി.
നാലാം വിക്കറ്റിലൊത്തുകൂടി സെഞ്ച്വറി കൂട്ടുകെട്ടോടെ മുന്നേറിയ റൂട്ട്- അലി സഖ്യത്തെ പിടിച്ചുകെട്ടാന്‍ പേരുകേട്ട ഇന്ത്യന്‍ ബൗളിങ്‌നിര വിയര്‍ത്തൊലിച്ചു. മോശം ബോളുകള്‍ തിരഞ്ഞക്രമിച്ച് ഇരുവരും മുന്നേറിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാഴ്ചക്കാരാവാനേ കഴിഞ്ഞുള്ളൂ. നാലാമനായി റൂട്ട് മടങ്ങുമ്പോള്‍ (124) ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 281 ആയിരുന്നു. റൂട്ട് വീണപ്പോള്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ മോയിന്‍ അലി (117) ടീം സ്‌കോര്‍ മുന്നോട്ടുയര്‍ത്തി. ഒടുവില്‍ മുഹമ്മദ് ഷമി അലിയുടെ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് അഞ്ചിന് 343 എന്ന ശക്തമായ നിലയിലെത്തിയിരുന്നു.
വാലറ്റത്തെ വേഗത്തില്‍ ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യന്‍ പ്രതീക്ഷകളെ സ്റ്റോക്‌സ് തല്ലിക്കെടുത്തി. ഇന്ത്യന്‍ സ്പിന്‍ മാന്ത്രികരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത സ്‌റ്റോക്‌സ് ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു നയിച്ചു. 235 ബൗളില്‍ 128 റണ്‍സുമായി ഒമ്പതാമനായി സ്‌റ്റോക്‌സ് മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് 517 എന്ന മികച്ച നിലയിലായിരുന്നു. ഇടയ്ക്കിടെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ മികവു കാട്ടിയെങ്കിലും ഒരു വശത്ത് പിടികൊടുക്കാതെ പോരാടിയെ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോറിലേക്ക് നയിച്ചത്. വാലറ്റത്ത് സഫര്‍ അന്‍സാരി 32 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും തൊട്ടതെല്ലാം പിഴച്ചപ്പോള്‍ പിഴവുകളെ ഇംഗ്ലണ്ട് പൊന്നാക്കി മാറ്റി. കുക്കിനെയും ഹമീദിനെയും തുടക്കത്തില്‍ തന്നെ കൈവിട്ടുകളഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ടാം ദിനവും പിഴവുകള്‍ ആവര്‍ത്തിച്ചു
ഇന്ത്യന്‍ ബൗളിങ് നിര ഇടയ്ക്കിടെ വിക്കറ്റുകള്‍ പിഴുതെങ്കിലും റണ്‍ വിട്ടുനല്‍കുന്നതില്‍ പിശുക്കും കാട്ടിയില്ല. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അശ്വിനും യാദവും ഷമിയും രണ്ട് വിക്കറ്റുകളും നേടി. അമിത് മിശ്ര ഒരു വിക്കറ്റും പിഴുതു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day