|    Oct 18 Thu, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി : ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ച് വിജിലന്‍സ്

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ക്കേസില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ച് വിജിലന്‍സ്. ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത വിദേശ കമ്പനികളെപ്പറ്റി അന്വേഷിക്കാനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു വിജിലന്‍സ് കത്തു നല്‍കി. സിബിഐ ഡയറക്ടര്‍ മുഖേനയാണു കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. വിദേശ കമ്പനികളുമായുള്ള കരാര്‍, വിതരണ തുക എന്നിവ സംബന്ധിച്ച് കൃത്യത വരുത്തുന്നതിനു വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണു ലക്ഷ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് പ്രത്യേക അന്വേഷണസംഘത്തലവന്‍ ഡിവൈഎസ്പി പ്രദീപ് കുമാറാണ് കത്തു കൈമാറിയത്. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇതു സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചന്ദ്രശേഖരന്‍ നായര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടൈറ്റാനിയം പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഇടനിലക്കാരായ മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്റ് ആസ്ഥാനമായ ഹെമറ്റൂര്‍, എവിഐ യൂറോപ്പ് എന്നീ രണ്ടു വിദേശ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഈ ഇടപാടില്‍ 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണു കേസ്. വിദേശ കമ്പനികളെ ചോദ്യംചെയ്യുന്നതിനു പരിമിതികളുണ്ട്. ഇതു മറികടക്കാനാണു വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. മെക്കോണിന് ഉപകരണങ്ങള്‍ കൈമാറിയത് എത്ര കോടി രൂപയ്ക്കാണെന്നും ഇടനിലക്കാര്‍ ആരെങ്കിലും ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളിലും വ്യക്തത വരുത്തുന്നതിനും അന്വേഷണം സഹായകരമാവുമെന്നാണു വിലയിരുത്തല്‍. 2007 ജനുവരി എട്ടിനാണു കേസില്‍ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായ മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്, എംഡിമാര്‍ എന്നിവര്‍ കേസില്‍ ആരോപണ വിധേയരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss