|    Nov 19 Mon, 2018 10:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രാഫിക് വിഭാഗത്തിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: മൂന്നുപേര്‍ പിടിയില്‍

Published : 9th November 2018 | Posted By: kasim kzm

കോട്ടയം: കേരള പോലിസിന്റെ ട്രാഫിക് വിഭാഗത്തിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന പേരില്‍ തട്ടിപ്പു നടത്തിയ മൂന്നുപേര്‍ പിടിയില്‍. ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളില്‍ നിന്ന് ലക്ഷങ്ങളാണു തട്ടിയെടുത്തത്. കോട്ടയം കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂളില്‍ നടന്ന റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട് അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേല്‍ പി പി ഷൈമോന്‍ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയില്‍ സനിതാമോള്‍ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷന്‍ സിഐ ടി ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേരള പോലിസിന്റെ ട്രാഫിക് വിഭാഗത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി അറിയിച്ചാണ് ഉദ്യോഗാര്‍ഥികളെ ഇവര്‍ വിളിച്ചിരുന്നത്. ഇന്നലെ രാവിലെ പ്രമുഖ പത്രത്തില്‍ കേരള പോലിസിന്റെ ട്രാഫിക് ട്രെയിനിങ് പോലിസ് ഫോഴ്‌സിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. 11ന് രാവിലെ എട്ടിന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ ടെസ്റ്റ് നടത്തുമെന്നായിരുന്നു വാര്‍ത്ത. ഇത് കണ്ടു പോലിസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണു കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റിനെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് വിവരം ജില്ലാ പോലിസ് മേധാവി ഹരിശങ്കറിനെ അറിയിച്ചു. ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ ടി ആര്‍ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി പരിശോധന നടത്തി. പോലിസ് സംഘം ചെല്ലുമ്പോള്‍ മൂന്നു സ്ത്രീകള്‍ അടക്കം 15ഓളം ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം നല്‍കിയ ശേഷമുള്ള പരിശീലനമാണ് നടന്നിരുന്നത്.
ബിജോയ് മാത്യുവിനു സിഐ റാങ്കാണെന്നും മറ്റുള്ളവര്‍ എസ്‌ഐമാരാണെന്നുമായിരുന്നു അറിയിച്ചിരുന്നത്. വാട്‌സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പുസംഘം ആളുകളെ കൂട്ടിയിരുന്നത്. കഴിഞ്ഞ മാസം 28ന് എമ്മാവൂസ് സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 76 ഉദ്യോഗാര്‍ഥികളാണു പങ്കെടുത്തത്. ഈ പരീക്ഷയ്ക്കു മുന്നോടിയായി ഇവരെ ചേര്‍ത്ത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്‌സ് ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ഇതിനു ശേഷം പോലിസ് സേനയിലേക്ക് 15 പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരില്‍ നിന്നു 3000 രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ജോലിക്ക് ചേര്‍ന്ന ഇവര്‍ക്കുള്ള പരിശീലനമാണ് മൂന്നു ദിവസമായി ഇമ്മാവൂസ് സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്നത്. 200 മീറ്റര്‍ ഓട്ടവും പുഷ്അപ്പ് പരിശീലനവും വിവിധ പരിശീലന മുറകളുമാണു നടന്നിരുന്നത്. സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss