|    Jul 20 Fri, 2018 12:36 pm
FLASH NEWS

ട്രാഫിക് നിയമലംഘനം: നഗരസഭ അടിയന്തരമായി ഇടപെടണമെന്ന്

Published : 25th October 2016 | Posted By: SMR

കോഴിക്കോട്: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നഗരസഭയുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം. ബസ്സുകളുടെ അമിത വേഗവും ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങള്‍ക്ക് കാരണമാവുന്ന സ്ഥിതിയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായ യോഗം വിലയിരുത്തി. നഗരസഭ മുന്‍കൈയെടുത്ത് വിഷയത്തില്‍ ആര്‍ടിഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. സിപിഎമ്മിലെ ടി സി ബിജുരാജാണ് വാഹനപകടങ്ങളെ കുറിച്ച് ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്. ഫുട്പാത്തുകളും റോഡുകളും വ്യാപകമായി വ്യാപാരികള്‍ കൈയേറുന്നതായി കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പോലിസിന്റെ സഹായം തേടാനും തീരുമാനമായി.സിവില്‍സ്റ്റേഷന്‍ പരിസരത്ത് നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ബിസിയുടെ ബിവറേജസ് ഷോപ്പിന് കോഴിക്കോട് നഗരസഭ ലൈസന്‍സ് നിഷേധിച്ചു. നിലിവില്‍ ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ബിവറേജ് ഷോപ്പ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരിസരത്ത് സ്‌കൂളും ആശുപത്രിയും പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥാപനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനിക്കുയായിരുന്നു.ടാഗൂര്‍ സെന്റിനറി ഹാളില്‍ എ സി വര്‍ക്ക് ചെയ്യുന്നില്ലെന്ന് അഡ്വ. തോമസ് മാത്യു ശ്രദ്ധക്ഷണിച്ചു. എന്നാല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതാണ് എസി യുടെ പ്രവര്‍ത്തനം നിലയിക്കാന്‍ കാരണമെന്ന് മേയര്‍ വ്യക്തമാക്കി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. കോര്‍പറേഷന്‍ സുവര്‍ണജൂബിലി പദ്ധതിയില്‍ ഗഡുക്കള്‍ ലഭിക്കാന്‍ കാലത്താമസം വരുന്നതായി ചൂണ്ടിക്കാട്ടി ഹരിത ശ്രദ്ധക്ഷണിച്ചു. എഇമാര്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മേയര്‍ ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളില്‍  നമ്പിടി നാരായണന്‍, അഡ്വ. വിദ്യാബാലകൃഷ്ണന്‍, നജ്മ എന്നിവര്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു.അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നിര്‍ത്തി വച്ചത് 20മിനുട്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 41 വാര്‍ഡായ അരീക്കാടില്‍ നിന്ന് ജയിച്ച സയ്യിദ് മുഹമ്മദ്. ഷമീര്‍ എസ് വി യെ അഭിനന്ദിക്കാനും എല്‍ഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമായിരുന്നു അടിയന്തിര പ്രമേയം. യു ഡി എഫ് കൗണ്‍സിലര്‍ അഡ്വ. പി എം നിയാസാണ് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അടിയന്തിര പ്രമേയം ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു മേയര്‍. വിഷയത്തിന് അടിയന്തിര പ്രമേയത്തിന്റെ സ്വഭാവമില്ലെന്ന് മേയര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്  മൂന്ന് മണിക്ക് ആരംഭിച്ച യോഗ നടപടികള്‍ ബഹളത്തെ തുടര്‍ന്ന് 20 മിനുട്ട് നിര്‍ത്തിവച്ചു. 3.30ന് ആരംഭിച്ച യോഗത്തില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപോയെങ്കിലും അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് വരികയും ചെയ്തു. ചെറുകുളം റോഡിലും കാമ്പുറത്ത്കാവ് ക്ഷേത്രം ജങ്ഷനിലും ബൈപ്പാസില്‍ അടിപ്പാത നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ പി പത്മനാഭന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിച്ചു. റേഷന്‍ഷോപ്പിലൂടെ നല്‍കിവരുന്ന അരി, ഗേതമ്പ്, മണ്ണെണ്ണ എന്നിവ വെട്ടികുറയ്ക്കാന്‍ ഇടയായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടും ഭക്ഷ്യസുരക്ഷാമന്ത്രിയോടും നടപടിയോടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കിഷന്‍ചന്ദാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് ഭേദഗതിയോടെ കൗണ്‍സില്‍ അംഗീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss