|    Mar 24 Sat, 2018 2:28 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ട്രാഫിക് നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ പിഴ

Published : 29th July 2016 | Posted By: SMR

ദോഹ: ഡ്രൈവ് ചെയ്യുന്നതിനിടെ ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ട്രാഫിക് വകുപ്പിന്റെ കര്‍ശന നിര്‍ദേശം. നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ പിഴ ചുമത്തും. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും സീറ്റ് ബല്‍റ്റ് ധരിക്കാത്തവരേയും പിടികൂടാന്‍ ശക്തമായ പരിശോധനാ കാംപയിനാണ് ആഭ്യന്തരമന്ത്രാലയം നടത്തുന്നത്.  ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പോലിസ് പട്രോള്‍ സംഘത്തെ നിയോഗിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതരാണ് പരിശോധനാകാംപയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ആരംഭിച്ച കാംപയിന്‍ വേനല്‍ സീസണ്‍ അവസാനിക്കുന്നതു വരെ തുടരും. നിയമലംഘകര്‍ക്ക് 500 റിയാലാണ് പിഴ. രാജ്യത്തുടനീളം നിയമലംഘകരെ കണ്ടെത്താന്‍ പോലിസ് പട്രോള്‍ സംഘം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് മീഡിയ ആന്‍ഡ് ട്രാഫിക് ബോധവല്‍കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജാബര്‍ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു. സാധാരണ വേനല്‍ സീസണില്‍ രാജ്യത്ത് വലിയതോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറില്ല. ഗതാഗതത്തിരക്ക് കുറവായതിനാലാണ് പരിശോധനക്കായി ഈ സമയം തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരക്ക് കുറവായിരിക്കുമ്പോള്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും മറ്റു ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെയും വേഗത്തില്‍ പിടികൂടാനും വാഹനം നിര്‍ത്താനും കഴിയും.
പിടികൂടിയാല്‍ ഉടനടി തന്നെ നടപടി സ്വീകരിക്കുമെന്നും പട്രോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിക്കാനല്ല മറിച്ച് അനാവശ്യകാര്യങ്ങള്‍ക്കാണ് പലരും ഫോണ്‍ ഉപയോഗിക്കുന്നത്. വാട്ട്സ് അപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ നോക്കാനും പോക്മോന്‍ ഗോ പോലുള്ള ഗെയിമുകള്‍ കളിക്കാനുമാണ് വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ പലരും മൊബൈല്‍ ഉപയോഗിക്കുന്നത്. വാഹനം ഓടിക്കുന്നവരുടേയും മറ്റുള്ളവരുടേയും ജീവന്‍ അപകടത്തിലാക്കുന്ന പ്രവണതയാണിതെന്നും ഉദൈബ ചൂണ്ടിക്കാട്ടി. പിഴ ഈടാക്കുകയെന്നതല്ല പരിശോധനാകാംപയിന്റെ പ്രധാന ലക്ഷ്യം, മറിച്ച് ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗത്തിന്റെ അപകടസാധ്യതയെക്കുറിച്ച് പൊതുജനങ്ങളെയും യാത്രക്കാരെയും ബോധ്യപ്പെടുത്തുകയും അവരില്‍ ഉത്തരവാദിത്വബോധം വികസിപ്പിക്കുകയുമാണ്.
നിയമലംഘനം കണ്ടെത്തുന്നതിനായി വിവിധ പരിശോധനാ സ്ഥലങ്ങളില്‍ ട്രാഫിക് പട്രോള്‍ സംഘത്തെ നിയോഗിക്കും. പ്രത്യേകിച്ചും റൗണ്ട് എബൗട്ടുകള്‍, ട്രാഫിക് ഇന്റര്‍സെക്ഷനുകള്‍, സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെല്ലാം പട്രോള്‍ സംഘങ്ങളുണ്ടാകും. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ ഉടന്‍തന്നെ പിഴ ഈടാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വാഹനസഞ്ചാരികളെ ബോധ്യപ്പെടുത്തും.
വാഹനാപകടം: ഡ്രൈവര്‍ക്ക് 10,000 റിയാല്‍ പിഴ
ദോഹ: ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വാഹനയാത്രികന്‍ മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്ക് 10,000റിയാല്‍ പിഴ. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പൊതുറോഡില്‍ വാഹനം ഓടിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളോ നിര്‍ദേശങ്ങളോ ഡ്രൈവര്‍ പാലിച്ചിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വാഹനം വേഗത്തില്‍ ഓടിച്ചുവരവെ ഡ്രൈവര്‍ പെട്ടെന്ന് ലൈന്‍ മാറുകയും ബൈറോഡിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിനെത്തുടര്‍ന്ന്റോഡിന്റെ മറുസൈഡില്‍ നിന്നു വരുകയായിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ എതിര്‍ദിശയില്‍നിന്നു വന്ന വാഹനത്തിന്റെ ഡ്രൈവര്‍ മരിക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, കുറ്റം സമ്മതിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല. താന്‍ തന്റെ ലൈനില്‍കൂടിയാണ് സഞ്ചരിച്ചിരുന്നതെന്നും ബൈറോഡിലേക്ക് പ്രവേശിക്കേണ്ടതുണ്ടായിരുന്നുവെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നതായും ഇയാള്‍ പറഞ്ഞു. വാഹനം കൂട്ടിയിടിച്ചഉടനെ ബോധം നഷ്ടപ്പെട്ടതായും തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു.
10000റിയാല്‍ പിഴയ്ക്കു പുറമെ ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശികള്‍ക്ക്  രണ്ടുലക്ഷം ഖത്തര്‍ റിയാല്‍ ദയാധനം നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കാനും കോടതി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss