|    May 22 Mon, 2017 9:21 pm
FLASH NEWS

ട്രാഫിക് കുറ്റകൃത്യം: കടുത്ത ശിക്ഷ ഉറപ്പാക്കി ലോക്‌സഭയില്‍ പുതിയ ബില്ല്

Published : 10th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന മോട്ടോര്‍ െവഹിക്കിള്‍ ഭേദഗതി ബില്ല് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് ബില്ല് അവതരിപ്പിച്ചത്. ബില്ല് നേരത്തേ വിതരണം ചെയ്യാത്തത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബില്ല് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുടെ ആവശ്യം സ്പീക്കര്‍ സുമിത്രാ മഹാജന്‍ തള്ളുകയായിരുന്നു. ബില്ലിലുള്ള ചര്‍ച്ച പിന്നീട് നടക്കും.
ബില്ല് പാസാക്കുന്നതിനുമുമ്പ് ചര്‍ച്ച ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് പാര്‍ലമെന്ററി കമ്മിറ്റിക്കു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും 1.5 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍നിന്നുള്ള ഗതാഗത മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയത്.
വാഹനമിടിച്ച് നിര്‍ത്താതെപോവുന്ന കേസുകളില്‍ 10,000 രൂപവരെ പിഴയും രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരവും ഉള്‍പ്പടെയുള്ള ശിക്ഷ ഉള്‍പ്പെടുന്നതാണ് ബില്‍. റോഡ് അപകടത്തില്‍ മരിച്ചാല്‍ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം ബില്ല് ഉറപ്പാക്കുന്നുണ്ട്. അമിതവേഗതയില്‍ വാഹനമോടിച്ചാല്‍ 1000 മുതല്‍ 4000 വരെയാണ് പിഴ. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപ പിഴയോ രണ്ടുമാസം തടവോ അനുഭവിക്കണം.
ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും മൂന്ന് മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനമോടിച്ചാല്‍ വാഹനമുടമയ്‌ക്കെതിരേ കുറ്റംചുമത്താനും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day