|    Oct 17 Wed, 2018 1:23 pm
FLASH NEWS

ട്രാഫിക് എസ്‌ഐയുടെ മര്‍ദ്ദനം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

Published : 18th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: മട്ടാഞ്ചേരി ട്രാഫിക് വിംഗിലെ എസ്‌ഐ ക്രൂര മര്‍ദ്ദനത്തിന് വിധേയമാക്കിയ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. വാലുമ്മേല്‍ രാമനിലയം വീട്ടില്‍ ചെന്താമരാക്ഷന്‍(34) ആണ് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. നെഞ്ചിനേറ്റ ശക്തമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്വാസ തടസ്സം മൂലം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കിടക്കയില്‍ അല്‍പ്പനേരം ഇരുന്നാല്‍ ശ്വാസം കിട്ടാത്ത സാഹചര്യമാണ്. തലക്ക് ശക്തിയായി ഇടിച്ചതിനെ തുടര്‍ന്ന് തല മരവിച്ചിരിക്കുകയാണ്. ചെവിയില്‍ നിന്ന് വെള്ളം ഒഴുകുന്നുണ്ട്. മര്‍ദ്ദനത്തിന്റെ പാടുകള്‍ ശരീരമാസകലമുണ്ട്. അടി വയറിനേറ്റ ചവിട്ടു മൂലമുണ്ടായ ക്ഷതവും ഗുരുതരമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടാഞ്ചേരി ട്രാഫിക് വിങ്ങിലെ എസ്‌ഐ ബിബിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍ മേഘനാഥനും കണ്ടാലറിയാവുന്ന മറ്റൊരു പൊലിസുകാരനും ചേര്‍ന്ന് സ്‌റ്റേഷനകത്ത് വച്ച് ചെന്താമരാക്ഷനെ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കേടായി കിടന്ന ട്രെയിലര്‍ നന്നാക്കുന്നതിനായി ഇയാളുടെ വാലുമ്മേല്‍ റോഡിലെ വര്‍ക്ക് ഷോപ്പിലേക്ക് പള്ളുരുത്തി സംസ്ഥാന പാതയിലൂടെ ഓടിച്ച് കൊണ്ട് വന്നതാണത്രേ എസ്‌ഐയെ ചൊടിപ്പിച്ചത്. ഞായറാഴ്ച വാഹനത്തിന്റെ ഉടമയുമായി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ചെന്താമരാക്ഷനെ അകത്തേക്ക് കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. വാഹന ഉടമ സമീപത്തെ സര്‍ക്കിള്‍ ഓഫിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണത്രേ മര്‍ദ്ദനം നിര്‍ത്തിയത്. രണ്ട് പൊലിസുകാര്‍ ചെന്താമരാക്ഷന്റെ കൈ പിറകിലോട്ട് കെട്ടുകയും എസ്‌ഐ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു. വാഹന ഉടമയുടെ മകനായ കൊച്ചു കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നുവത്രേ മര്‍ദ്ദനം. മര്‍ദ്ദന മുറ കണ്ട് കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതായും പറയുന്നു. പാലക്കാട് നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെത്തിയ ചെന്താമരാക്ഷനെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലന്ന് പൊലിസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ പള്ളുരുത്തി പൊലിസ് ഇന്നലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ചെന്താമരാക്ഷന്റെ മൊഴിയെടുത്തു. അതേസമയം മര്‍ദ്ദിച്ച എസ്‌ഐയെ മട്ടാഞ്ചേരി ട്രാഫിക് വിംഗില്‍ നിന്ന് സിറ്റിയിലേക്ക് മാറ്റി. ഇത് നടപടി ലഘൂകരിക്കാനാണെന്ന് ആക്ഷേപമുണ്ട്. ചെന്താമരാക്ഷന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലിസ് കംപ്ലന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss