|    Jan 18 Wed, 2017 5:37 pm
FLASH NEWS

ട്രാഫിക്കിലൂടെ നെഞ്ചിടിപ്പുകൂട്ടി വേട്ടയിലൂടെ ത്രില്ലടിപ്പിച്ച് രാജേഷ് പിള്ള മറഞ്ഞു

Published : 28th February 2016 | Posted By: SMR

കൊച്ചി: ട്രാഫിക് എന്ന ഒറ്റ മലയാള സിനിമകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ സംവിധായകനാണ് രാജേഷ് പിളള. പ്രേക്ഷകര്‍ അന്നുവരെ കണ്ടിരുന്ന ദൃശ്യഭാഷയില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയുടെ അനുഭവം സമ്മാനിച്ച സിനിമയായിരുന്നു ട്രാഫിക്. ശരിക്കും പറഞ്ഞാല്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ സിനിമ. അതുതന്നെയായിരുന്നു ട്രാഫിക്കിന്റെ വിജയവും. അതിനുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയും എറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വേട്ടയും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
പ്രഫ. കെ രാമന്‍പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനായ രാജേഷ് പിള്ളയ്ക്ക് സിനിമ ചെറുപ്പം മുതലേ മോഹമായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ബിരുദ പഠനത്തിനു ശേഷമാണ് സിനിമയെ കൂടുതല്‍ ഗൗരവമായി കാണാന്‍ തുടങ്ങിയത്. പത്മരാജന്‍ ചിത്രങ്ങളുടെ ആരാധകനായ രാജേഷ് പിളള രാജീവ് അഞ്ചല്‍, ടി കെ രാജീവ് കുമാര്‍, വി ജി തമ്പി എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയക്ക് ദൃശ്യഭാഷ പകര്‍ന്നുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. ഈ സിനിമ കാര്യമായ വിജയം വരിച്ചില്ല.
എന്നാല്‍, സിനിമയെ പ്രാണവായുവായി കണ്ടിരുന്ന രാജേഷ് പിളള തളരാന്‍ തയ്യാറായിരുന്നില്ല. ആദ്യ സിനിമയിലൂടെ തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയുമായി അഞ്ചു വര്‍ഷത്തിനുശേഷം അവയവദാനത്തിന്റെ മഹത്വം വിളിച്ചുപറയുന്ന ട്രാഫിക് എന്ന സിനിമയിലൂടെ രാജേഷ് പിള്ള മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തില്‍ മികച്ച സംവിധായകന്‍ എന്ന ലേബല്‍ നേടിയെടുത്തു. സഞ്ജയ് ബോബിയുടേതായിരുന്നു തിരക്കഥ. മലയാളത്തിലെ ഹിറ്റ്പട്ടികയില്‍ ഇടം പിടിച്ച ട്രാഫിക് എന്ന സിനിമ ഒട്ടേറെ ബഹുമതികളും രാജേഷ് പിള്ളയ്ക്ക് നേടിക്കൊടുത്തു. മികച്ച സംവിധായകനുള്ള സൗത്ത് ഇന്ത്യന്‍ മൂവി അവാര്‍ഡ്, നാന ഫിലിം അവാര്‍ഡ്, ദേശീയ ഫിലിം പ്രമോഷനല്‍ കൗണ്‍സിലിന്റെ പ്രതീക്ഷ പുരസ്‌കാരം, സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ രാജേഷ് പിള്ളയെ തേടിയെത്തി. മലയാളത്തിലെ വിജയത്തിനു ശേഷം ഹിന്ദിയിലും തമിഴിലും ട്രാഫിക് പുറത്തിറക്കിയിരുന്നു.
ട്രാഫിക്കിനു ശേഷം മോട്ടോര്‍ സൈക്കിള്‍ ഡയറി എന്നപേരില്‍ സിനിമ അദ്ദേഹം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഈ ചിത്രം മാറ്റിവച്ചതിനു ശേഷമാണ് 2015ല്‍ നിവിന്‍ പോളി, അമല പോള്‍ എന്നിവരെ പ്രധാന താരങ്ങളാക്കി മിലി എന്ന സിനിമ സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ വേട്ടയും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. വേട്ടയുടെ ചിത്രീകരണത്തിനിടിയില്‍ രോഗം കൂടുതല്‍ മൂര്‍ഛിച്ചതോടെ രാജേഷ് അത്യധ്വാനം ചെയ്ത് സിനിമ റീലീസിന് തയ്യാറാക്കി. തുടര്‍ന്ന് ഫെബ്രുവരി 26ന് റിലീസ് തിയ്യതി വച്ചു. എന്നാല്‍, രോഗം കലശലായതിനെ തുടര്‍ന്ന് രാജേഷ് പിളളയെ 25ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികില്‍സ ആവശ്യമായി വന്നതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരള്‍ രോഗബാധയ്‌ക്കൊപ്പം കടുത്ത ന്യൂമോണിയയും ഹൃദയാഘാതവും ഉണ്ടായതോടെ തന്റെ അവസാന ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിച്ചുവെന്നുപോലും അറിയാതെ വെള്ളിത്തിരയില്‍ ഇനിയും ഉണ്ടാവേണ്ടിയിരുന്ന ഒട്ടേറെ അദ്ഭുതങ്ങള്‍ ബാക്കിയാക്കി ഇന്നലെ രാവിലെ 11.45ന് രാജേഷ് പിള്ള കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 118 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക