|    Jun 19 Tue, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ട്രാക്കിലെ വിസ്മയം വിടപറയാനൊരുങ്ങുമ്പോള്‍

Published : 2nd August 2017 | Posted By: fsq

 

വിഷ്ണു സലി

ലണ്ടന്‍: വേഗത്തിന് പകരം ലോകം ഏറ്റുപറഞ്ഞ പേര്. ഉസൈന്‍ ബോള്‍ട്ട്. കാല്‍തൊട്ട ട്രാക്കുകളിലെല്ലാം ചരിത്രം രചിച്ച ബോള്‍ട്ട് ലണ്ടനിലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലൂടെ വിടപറയുമ്പോള്‍ കായിക ലോകത്തിന് നഷ്ടമാവുന്നത് പകരം വയ്ക്കാനില്ലാത്ത ഇതിഹാസത്തെ. ഓരോ തവണയും ട്രാക്കില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന ബോള്‍ട്ടിന് തന്റെ അത്‌ലറ്റിക് കരിയറില്‍ എതിരാളികള്‍ ഇല്ലായിരുന്നെന്ന് തന്നെ പറയാം. സെക്കന്റുകളെ ഉശിരുകൊണ്ട് വകഞ്ഞുമാറ്റി ഓരോ തവണ വിജയിയാവുമ്പോഴും എതിരാളികളെ തിരിഞ്ഞു നോക്കി പുഞ്ചിരി തൂവുന്ന ജമൈക്കയുടെ ബോള്‍ട്ട് ലണ്ടനിലും മിന്നല്‍ ശരമാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത.്          100മീറ്ററിലും 200 മീറ്ററിലും ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ബോള്‍ട്ടിന്റെ റെക്കോഡിനോട് കിടപിടിക്കാന്‍ അടുത്ത കാലത്തൊന്നും ആര്‍ക്കും സാധിച്ചിട്ടില്ല. 100 മീറ്ററിലെ ബോള്‍ട്ടിന്റെ 9.  58 സെക്കന്റെന്ന ചരിത്ര റെക്കോഡ് തിരുത്തിക്കുറിക്കാന്‍ പുതിയ അവതാരം തന്നെ പിറവിയെടുക്കേണ്ടിയിരിക്കുന്നു.കരിയറില്‍ ബോള്‍ട്ടിന്റെ മികവിനൊപ്പം നിന്ന 23 സ്വര്‍ണ മെഡലുകള്‍ക്കും അഞ്ച് വെള്ളി മെഡലുകള്‍ക്കും പറയാനുള്ളത് അതിജീവനത്തിന്റെ പോരാട്ടകഥകളാണ്. ജമൈക്കയിലെ തെരുവ്‌വീഥികളില്‍ നിന്നാണ് ബോള്‍ട്ടെന്ന ചെറുപ്പക്കാരന്‍ കായിക ലോകത്തിന്റെ രാജകുമാരനായി മാറിയത്. ഒളിംപിക്‌സില്‍ എട്ട് സ്വര്‍ണമെഡലും ലോക ചാംപ്യന്‍ഷിപ്പില്‍ 11 സ്വര്‍ണ മെഡലുമാണ് ബോള്‍ട്ട് സ്വന്തം പേരിനൊപ്പം ചേര്‍ത്തിട്ടുള്ളത്. ലണ്ടനില്‍ തന്റെ മികച്ച സമയത്തെ തിരുത്തിക്കുറിച്ച് രാജകീയമായ വിടവാങ്ങല്‍ തന്നെ ബോള്‍ട്ട് നടത്തുമെന്ന പ്രത്യാശയിലാണ് കായിക ലോകം. പ്രായം 30 ആയെങ്കിലും ബോള്‍ട്ടിന്റ മനസ്സും ശരീരവും യുവത്വത്തുടിപ്പോടെ തന്നെ ട്രാക്കില്‍ കുതിക്കുമ്പോള്‍ ലണ്ടനിലും ചരിത്രം വഴിമാറുമെന്നുറപ്പാണ്. ഇത്തവണ 200 മീറ്ററില്‍ ബോള്‍ട്ട് പങ്കെടുക്കുന്നില്ല. 100 മീറ്ററിലും 4 ഃ100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ട് മല്‍സരിക്കുക. 100 മീറ്ററിലും 200 മീറ്ററിലും തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സിലും സ്വര്‍ണം നേടുന്ന ഏക താരമാണ് ബോള്‍ട്ട്. 4 ഃ100 മീറ്റര്‍ റിലേയിലും മൂന്ന് തവണയും സ്വര്‍ണം അണിഞ്ഞ ബോള്‍ട്ട് ‘ട്രിപ്പിള്‍ ട്രിപ്പിള്‍’എന്ന നേട്ടവും സ്വന്തമാക്കി. 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സ്, 2012ലെ ലണ്ടന്‍ ഒളിംപിക്‌സ്, 2016ലെ റിയോ ഒളിംപിക്‌സ് എന്നിവയിലാണ് ബോള്‍ട്ടിന്റെ ഇരട്ട സ്വര്‍ണനേട്ടം. മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അത്‌ലറ്റിക് ഓഫ് ദി ഇയര്‍ പുരസ്‌കാരം തുടര്‍ച്ചയായി എട്ട് തവണയും ബോള്‍ട്ടിനായിരുന്നു (2008-16).  ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് രണ്ട് തവണയും (2008-09)  ലോറസ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നാല് തവണയും ബോള്‍ട്ടിനെ തേടി എത്തിയിട്ടുണ്ട് (2009,2010, 2013, 2017). 2013 ജൂലൈയില്‍ റഷ്യയിലെ മോസ്‌ക്കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയതോടെ ലോക ചാംപ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോഡും ബോള്‍ട്ടിന്റെ പേരിനൊപ്പം നിന്നു.  ബോള്‍ട്ടിന് കീഴടക്കാന്‍ ഒരിക്കല്‍ കൂടി ലണ്ടനിലെ മൈതാനം തയ്യാറെടുത്ത് കഴിഞ്ഞു. ഇനിയുള്ള കാത്തിരിപ്പ് ലോകം കണ്ട ഏറ്റവും മികച്ച അത്‌ലറ്റിന്റെ വിജയം ചൂടിയുള്ള വിരമിക്കലിനാണ്. കായിക ലോകം കാത്തിരിക്കുന്ന 100 മീറ്റര്‍ ഫൈനല്‍ മല്‍സരം അഞ്ചാം തീയ്യതിയാണ് നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss