|    Nov 20 Tue, 2018 11:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രഷറി തട്ടിപ്പ് കേസ്: ഒളിവില്‍ പോയ ജീവനക്കാരന്‍ അറസ്റ്റില്‍

Published : 7th November 2018 | Posted By: kasim kzm

എടപ്പാള്‍: ലക്ഷക്കണക്കിനു രൂപയുടെ വെട്ടിപ്പു നടത്തിയ ചങ്ങരംകുളം ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചങ്ങരംകുളം സബ് ട്രഷറി ഓഫിസിലെ ജൂനിയര്‍ അക്കൗണ്ടന്റും സിപിഎം നിയന്ത്രണത്തിലുള്ള എന്‍ജിഒ യൂനിയന്‍ പൊന്നാനി താലൂക്ക് നേതാവുമായ കെ സന്തോഷിനെയാണ് ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സംഘടനകളും പൊതുജനങ്ങളും അടച്ച സംഖ്യയും സര്‍ക്കാര്‍ കരാറുകാര്‍ ട്രഷറിയില്‍ അടച്ച നിക്ഷേപ സംഖ്യയും തിരിമറി നടത്തി ഇയാള്‍ ഭാര്യയുടെയും തന്റെയും പേരിലുള്ള സ്വകാര്യ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. നേരത്തേ പൊന്നാനി ട്രഷറി ജീവനക്കാരനായിരുന്ന സന്തോഷ് അവിടെനിന്നു സ്ഥിരം നിക്ഷേപകര്‍ക്ക് നല്‍കാനുള്ള രശീതി മോഷ്ടിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് ഇപ്പോള്‍ ജോലി ചെയ്തിരുന്ന ചങ്ങരംകുളത്തെ ട്രഷറിയില്‍ തട്ടിപ്പു നടത്തിയിരുന്നത്.
ഒരാഴ്ച മുമ്പ് ചില കരാറുകാര്‍ ഹാജരാക്കിയ രശീതി വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ട്രഷറി ഓഫിസറുടെ നേതൃത്വത്തില്‍ ട്രഷറിയില്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ 65,000 രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. പിന്നീട് കൂടുതല്‍ ആളുകള്‍ ട്രഷറി രശീതിയുമായി പരാതിയുമായി രംഗത്തുവന്നതോടെയാണ് 12 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി തെളിഞ്ഞത്.
സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ സന്തോഷ് ഉള്‍പ്പെടെ ചങ്ങരംകുളം ട്രഷറിയിലെ മൂന്നു ജീവനക്കാരെയും സന്തോഷ് നേരത്തേ ജോലി ചെയ്തിരുന്ന പൊന്നാനി ട്രഷറിയിലെ മൂന്നു ജീവനക്കാരെയും അന്വേഷണവിധേയമായി ജില്ലാ ട്രഷറി ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയ സിപിഎം യൂനിയന്‍ നേതാവായ സന്തോഷിനെ അറസ്റ്റ് ചെയ്യാതെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നാരോപിച്ചു വിവിധ സംഘടനകളും മറ്റ് എന്‍ജിഒ സംഘടനകളും പ്രതിഷേധസൂചകമായി ചങ്ങരംകുളം സബ് ട്രഷറിയിലേക്കു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss