|    Oct 17 Wed, 2018 12:42 pm
FLASH NEWS

ട്രഞ്ചിലകപ്പെട്ട കൊമ്പനെ വനത്തിലേക്ക് തുരത്തി

Published : 19th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയിലെ ആനപ്രതിരോധ കിടങ്ങിലകപ്പെട്ട കാലിനു പരിക്കേറ്റ കൊമ്പനെ ഏറെ നേരത്തെ പ്രയത്‌നത്തിനു ശേഷം കാട്ടിലേക്ക് തുരത്തി. മുത്തങ്ങ റേഞ്ചില്‍പെടുന്ന മുണ്ടക്കൊല്ലി കരിവള്ളി വനാതിര്‍ത്തിയില്‍ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് പ്രതിരോധ കിടങ്ങിലാണ് കാട്ടുകൊമ്പന്‍ മണിക്കൂറുകളോളം പെട്ടത്. 40 വയസ്സുള്ള കൊമ്പനാണ് ട്രഞ്ചില്‍ അകപ്പെട്ടത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ കയറ്റി കാട്ടിലേക്ക് വിട്ടത്. രാവിലെ ആറോടെ പ്രദേശവാസിയായ തേവര്‍ക്കാട്ടില്‍ സദാശിവന്റെ കൃഷിയിടത്തില്‍ ആനയെ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീതിപരത്തിയ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴോടെ കരിവള്ളി പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് ആനയെ കൃഷിയിടത്തില്‍ കണ്ടത്. പിന്നീട് നാട്ടുകാരും വനംവകുപ്പിലെ ജീവനക്കാരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടങ്ങി. ആനയുടെ മുന്‍കാലിന് പരിക്കേറ്റതിനാല്‍ ആദ്യം ഈ ഭാഗത്തൂടെ കടന്നുപോവുന്ന ഊട്ടി അന്തര്‍സംസ്ഥാന പാതയിലേക്ക് കയറുകയും ആളുകള്‍ക്ക് നേരെ ചീറിയടുക്കാനും ശ്രമം നടത്തി. പിന്നീട് കാട്ടിലേക്ക് കടക്കുന്നതിന്നായി ട്രഞ്ചില്‍ ഇറങ്ങി. പക്ഷേ കാലിന് പരിക്കേറ്റതിനാല്‍ ആനയ്്ക്ക്് കിടങ്ങില്‍ നിന്ന് കയറാന്‍ കഴിയാതെ വരികയായിരുന്നു. സംഭവമറിഞ്ഞ് നിരവധി ആളുകളും ഇവിടേക്ക് എത്തി. ഈ സമയം ആന കിടങ്ങിനുള്ളില്‍ എഴുന്നേറ്റുനില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ആനയെ കരകയറ്റുക എന്നത് വനംവകുപ്പിന് ഏറെ വെല്ലുവിളിയുമായി. തുടര്‍ന്ന് ട്രഞ്ചിന്റെ അരികുവശം ഇടി്ച്ച് പന്തംകൊളുത്തിയും ബഹളംവച്ചുമാണ് ആനയെ കിടങ്ങില്‍ നിന്നും കയറ്റി കാട്ടിലേക്ക് വിട്ടത്. നീണ്ട അഞ്ചു മണിക്കൂറത്തെ പ്രയത്‌നത്തിനൊടുവില്‍ രാവിലെ 11 മണിയോടെയാണ് ആനയെ കാട്ടിലേക്ക് തുരത്താനായത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലത, ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ മുത്തങ്ങ റേഞ്ചിലെ ജീവനക്കാരും റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്നാണ് ആനയെ കിടങ്ങില്‍ നിന്നു രക്ഷപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വല്ലത്തൂര്‍, കരിവള്ളി, മുണ്ടക്കൊല്ലി ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ നാശം വിതച്ചിരുന്ന കൊമ്പനാണ് കിടങ്ങില്‍ അകപ്പെട്ടത്. ആനയുടെ മുന്നിലെ വലതുകാലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മുടന്തുണ്ട്. മുണ്ടകൊല്ലി ഭാഗത്ത് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ച മുള്ളുഗേറ്റ് ചവിട്ടിപ്പൊളിക്കുന്നതിനിടെ ഗേറ്റിലെ ഇരുമ്പാണി തുളഞ്ഞുകയറി പരിക്കേറ്റതാണന്നാണ് നിഗമനം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആനയ്ക്ക് ചികില്‍സ നല്‍കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിനിടയിലാണ് ആന കിടങ്ങില്‍ കുരുങ്ങിയത്. കാട്ടിലേക്ക് കയറിയ ആനയെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്.ആനയുടെ ആരോഗ്യനില പരിശോധിച്ചശേഷം ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജനുമായി കൂടിയാലോചിച്ച ശേഷം ആനയ്ക്ക് ചികില്‍സ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss