|    Feb 24 Fri, 2017 2:33 pm
FLASH NEWS

ട്രംപ് യുഗം നമുക്ക് എന്തു നല്‍കും?

Published : 21st January 2017 | Posted By: fsq

എന്‍ പി ചെക്കുട്ടി

വ്യവസായ പ്രമുഖനായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ ഭരണകേന്ദ്രമായ വൈറ്റ്ഹൗസിന്റെ അധിപനായി വരുന്നതോടെ ലോകം പുതിയൊരു യുഗത്തിലേക്കു കാലെടുത്തുവയ്ക്കുകയാണ് എന്നു തീര്‍ച്ച. രാഷ്ട്രീയത്തില്‍ ഒരുപാട് അട്ടിമറികള്‍ ലോകം ദര്‍ശിച്ചിട്ടുണ്ടെങ്കിലും അധികാരത്തിലേക്കുള്ള ട്രംപിന്റെ കടന്നുകയറ്റം അദ്ഭുതകരം തന്നെയായിരുന്നു.

72 വയസ്സുള്ള ട്രംപ് ഇന്നുവരെ ഒരു ഔദ്യോഗിക പദവിയും വഹിക്കുകയുണ്ടായില്ല. സ്വന്തം റിയല്‍ എസ്റ്റേറ്റ് ബിസിനസും ടെലിവിഷന്‍ പരിപാടികളും ഒക്കെയാണ് അദ്ദേഹം ഇക്കാലമത്രയും നടത്തിവന്നത്. ട്രംപ് തുറന്നുപറയുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്: അതായത്, രാജ്യഭരണവും അന്താരാഷ്ട്ര നയതന്ത്രവും ഒരു ബിസിനസാണ്. എങ്ങനെ വിജയകരമായി ഒരു ബിസിനസ് നടത്താമോ അതേ തരം തന്ത്രങ്ങളും വിശ്വാസങ്ങളും സമീപനരീതികളും തന്നെ മതി രാജ്യതന്ത്രരംഗത്ത് വിജയിക്കാനും. തന്റെ ബിസിനസ് വിജയത്തെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും പറയുന്നത്. തന്റെ സ്വന്തം പ്രതിച്ഛായയെക്കുറിച്ചാണ് അദ്ദേഹം എല്ലായ്‌പോഴും ഉല്‍ക്കണ്ഠപ്പെടുന്നത്. തന്നെ പുകഴ്ത്തുന്നവരെ അദ്ദേഹം അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. വിമര്‍ശിക്കുന്നവരെ അരനിമിഷം പോലും സഹിക്കാന്‍ അദ്ദേഹം തയ്യാറുമല്ല. അതിനായി ട്വിറ്ററില്‍ ഏതു പാതിരയ്ക്കും നിരന്തരം യുദ്ധോല്‍സുകനായി ട്രംപ് ഉണ്ടാവും.

trump3 ട്രംപിന്റെ ലോകം ലളിതമാണ്: ഒന്ന്, തന്റെ സ്വന്തക്കാര്‍. രണ്ട്, തന്റെ എതിരാൡള്‍. തന്റെ വ്യക്തിപരമായ നേട്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളുമാണ് അദ്ദേഹത്തിന് ഏറ്റവും പ്രധാനം. ഏതെങ്കിലും വിധത്തില്‍ അനിഷ്ടത്തിനു പാത്രമായവരെ ഒതുക്കാനും അവരെ ഉപദ്രവിക്കാനും ഏതറ്റംവരെയും പോകാന്‍ തനിക്കു യാതൊരു മടിയുമില്ലെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അത്തരം ഒരു കഥ ആത്മകഥയില്‍ വിവരിച്ചത് ജര്‍മന്‍ പ്രസിദ്ധീകരണമായ ദെര്‍ സ്പീഗല്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എടുത്ത് ഉദ്ധരിക്കുകയുണ്ടായി. ട്രംപിന്റെ സ്വഭാവവിശേഷങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു സംഭവകഥയാണ് അതില്‍ വിവരിക്കുന്നത്: തൊഴില്‍ തേടിയെത്തിയ ഒരു യുവതിക്ക് അദ്ദേഹം തൊഴില്‍ കൊടുക്കുക മാത്രമല്ല, ട്രംപിന്റെ സഹായത്തോടെ അവര്‍ക്കു പല നേട്ടങ്ങള്‍ കൈവരിക്കാനുമായി. അങ്ങനെയിരിക്കെ തനിക്കു വേണ്ടി വേറൊരാളോട് ഒരു ശുപാര്‍ശ പറയണമെന്ന് അദ്ദേഹം സ്ത്രീയോട് ആവശ്യപ്പെട്ടു. പക്ഷേ, അതിന് അവര്‍ വഴങ്ങിയില്ല. താന്‍ കാരണം ഉയരങ്ങള്‍ കൈവരിച്ച സ്ത്രീ തന്റെ അപേക്ഷ സ്വീകരിക്കാതിരുന്നത് കഠിനമായ വഞ്ചനയാണെന്നാണ് ട്രംപ് വിലയിരുത്തിയത്. ”അതിനു ശേഷം അവരെ തകര്‍ക്കാന്‍ എല്ലാവിധ തന്ത്രങ്ങളും പയറ്റാന്‍ ഞാന്‍ മടിക്കുകയുണ്ടായില്ല” എന്നു ട്രംപ് തുറന്നുപറയുന്നു. അവരുടെ ബിസിനസ് തകര്‍ന്നു. കുടുംബജീവിതം തകരാറിലായി. ”ഞാന്‍ പരമസന്തുഷ്ടനായി”- പുതിയ അമേരിക്കന്‍ പ്രസിഡന്റ് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

സേവകരും ഇഷ്ടം കൂടുന്നവരും കച്ചവടകാര്യങ്ങളില്‍ കൂടെ നില്‍ക്കുന്നവരും നല്ലവര്‍; ഏതെങ്കിലും തരത്തില്‍ അതിന് എതിരായി നില്‍ക്കേണ്ടിവരുന്നവര്‍ തകര്‍ക്കപ്പെടേണ്ട എതിരാളികള്‍ എന്ന ഈ ലോകവീക്ഷണം ട്രംപ് അദ്ദേഹത്തിന്റെ പിതാവ് ഫ്രെഡ് ട്രംപില്‍ നിന്നു പഠിച്ചതാണെന്നാണ് ജര്‍മന്‍ മാസികയുടെ പഠനത്തില്‍ പറയുന്നത്. പിതാവ് ന്യൂയോര്‍ക്കില്‍ വന്‍കിട കെട്ടിടങ്ങളുടെ ഉടമയായിരുന്നു. വാരാന്ത്യങ്ങളില്‍ വാടകക്കാരില്‍ നിന്നു പണം പിരിക്കാന്‍ പിതാവ് പുറപ്പെടുന്ന നേരത്ത് പലപ്പോഴും യുവാവായ ഡോണള്‍ഡിനെയും കൂടെ കൂട്ടിയിരുന്നു. ബെല്ലടിച്ചാല്‍ വാതില്‍ തുറക്കും മുമ്പ്, പിതാവ് എപ്പോഴും ഒരു അരികിലേക്കു മാറിനില്‍ക്കും. എന്താണ് അങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി: ”വാതില്‍ തുറക്കുന്നയാള്‍ വെടിവയ്ക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ അല്‍പം മാറിനില്‍ക്കുന്നതാണ് ബുദ്ധി.” ആരെയും വിശ്വസിക്കരുത് എന്നാണ് പിതാവ് മകനു നല്‍കിയ പ്രധാന ഉപദേശം. ലോകം ഒരു യുദ്ധരംഗമാണ്. എതിരാളികളെ എന്തു വില കൊടുത്തും എന്തു തന്ത്രം പ്രയോഗിച്ചും മലര്‍ത്തിയടിക്കുക എന്നതാണ് പ്രധാനം. ഈ ജീവിതവീക്ഷണമാണ് ഏഴു പതിറ്റാണ്ടു കാലവും ഡോണള്‍ഡ് ട്രംപ് ജീവിതത്തില്‍ അനുവര്‍ത്തിച്ചുവന്നത്. എതിരാളികളോട് കടുത്ത വിരോധവും അവരെ തകര്‍ക്കാനുള്ള അടങ്ങാത്ത വാഞ്ഛയുമാണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും മുന്തിനില്‍ക്കുന്ന ഘടകം.

മാധ്യമങ്ങള്‍ അസൗകര്യപ്രദമായ കൂട്ടരാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞ നുണയുടെ വസ്തുതകള്‍ വിശദമാക്കിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ശാരീരിക വൈകല്യമുള്ള ഒരു ലേഖകനെ, ആ വൈകല്യത്തെ കളിയാക്കിയാണ് ട്രംപ് നേരിട്ടത്. അമേരിക്കയിലെ പ്രശസ്ത നടിയായ മെറില്‍ സ്ട്രീപ് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പരിപാടിയില്‍ ആ സംഭവത്തെക്കുറിച്ച് അനുസ്മരിച്ചിരുന്നു. ”ഭയാനകമായ ഒരു കാലത്തിന്റെ ഉദയം” എന്നാണ് സ്ട്രീപ് അതേക്കുറിച്ചു പറഞ്ഞത്. ഒട്ടും വൈകിയില്ല ട്രംപിന്റെ മറുപടിക്ക്: ”ഹോളിവുഡിലെ അമിതമായ ബഹുമതികള്‍ കൈയടക്കിയ ഒരു താഴേക്കിട നടിയാണ് സ്ട്രീപ്” എന്നും ”അവര്‍ തന്റെ എതിരാളി ഹിലരി ക്ലിന്റന്റെ ആളാണ്” എന്നും അദ്ദേഹം പറഞ്ഞു. ഹിലരി ക്ലിന്റനെ തോല്‍പിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഹിലരിയോടുള്ള കലി ഇപ്പോഴും അദ്ദേഹത്തിന് അടങ്ങിയിട്ടില്ല എന്നാണ് അതു വായിച്ചാല്‍ തോന്നുക. ഇത്തരം മനോഭാവത്തിന് ആത്മരതി അഥവാ നാര്‍സിസിസം എന്നാണ് പേരു വിളിക്കുകയെന്ന് ചില മനശ്ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ചില മനശ്ശാസ്ത്ര വിദഗ്ധരെങ്കിലും ആത്മരതിയുടെ ഉദാഹരണമായി തങ്ങളുടെ ക്ലാസുകളില്‍ ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളും ചേഷ്ടകളും അടങ്ങിയ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട് എന്നും സ്പീഗല്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രംപിന്റെ ഭരണകൂടത്തില്‍ കാര്യം കാണാന്‍ എളുപ്പവഴി നയതന്ത്രമല്ല, മറിച്ച്, മുഖസ്തുതിയാണ് എന്നും സ്പീഗല്‍ വിലയിരുത്തുന്നു. മുഖസ്തുതി പോലെത്തന്നെ ഭീഷണിയും ഉപയോഗിക്കാമെന്നു ചിലര്‍ കണ്ടെത്തിയതായി പലരും പറയുന്നു.

trump1ഉദാഹരണത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. പുടിന്‍ ട്രംപിനെ തുടക്കം മുതലേ പുകഴ്ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. അതു ട്രംപിനും വളരെ ഇഷ്ടമായി. പക്ഷേ, മോസ്‌കോയിലെ ഒരു ഹോട്ടലില്‍ വേശ്യകളുമായി കൂടിച്ചേര്‍ന്നു രമിക്കുന്ന നിയുക്ത പ്രസിഡന്റിന്റെ പരമ രസികന്‍ ഒരു വീഡിയോ പുടിന്റെ കൈവശമുെണ്ടന്ന ഒരു കഥയും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഏതായാലും നേരത്തേയുള്ള അമേരിക്കന്‍ സമീപനങ്ങളില്‍ നിന്നും നയതന്ത്ര രീതികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ട്രംപിന്റെ വൈറ്റ്ഹൗസിലെ ഭരണം എന്നു തീര്‍ച്ചയാണ്. ഇത് അമേരിക്കയുടെ നേതൃത്വത്തില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം സ്ഥാപിച്ചെടുത്ത ഒരു നവലോകക്രമത്തിന്റെ അന്ത്യം കുറിക്കുന്ന സന്ദര്‍ഭമാണ് എന്നു വരാം. അരനൂറ്റാണ്ടിലേറെ നിലനിന്ന ഈ ആധിപത്യത്തിന്റെ അടിത്തറ അമേരിക്ക നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സഭയും രക്ഷാസമിതിയും അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു തലയാട്ടുന്ന ഐഎംഎഫും ലോകബാങ്കും അടക്കമുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളും അമേരിക്കന്‍ ആയുധശക്തിയാല്‍ നയിക്കപ്പെടുന്ന നാറ്റോ എന്ന ഉത്തര അത്‌ലാന്റിക് സൈനിക സഖ്യവുമാണ്. ഇതിന്റെ നേരെ എതിര്‍വശത്താണ് പഴയ സോവിയറ്റ് യൂനിയനും ഇപ്പോള്‍ പുടിന്റെ റഷ്യയും നിലനിന്നത്. പുടിനുമായി അടുത്ത ഇടപാടുകളും സഖ്യവുമാവാം എന്ന നിലപാടാണ് ട്രംപിന്. അത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ സാധിക്കുകയാണെങ്കില്‍ ലോകത്തെ പല സംഘര്‍ഷ മേഖലകളിലും അയവു വരാന്‍ സഹായിക്കും.

കാരണം, അമേരിക്കയുടെ സ്ഥാപിതതാല്‍പര്യങ്ങളും അതിനെ എതിര്‍ക്കുന്ന ശക്തികളും തമ്മിലുള്ള സംഘര്‍ഷം ലോകരംഗത്തെ ഏറ്റവും കടുത്ത അസ്വസ്ഥതയുടെ മേഖല തന്നെയാണ്. അതേസമയം, ചൈനയുമായി കടുത്ത ഏറ്റുമുട്ടലിന്റെ സമീപനമാണ് ട്രംപ് തുടക്കം മുതലേ സ്വീകരിക്കുന്നത്. പ്രസിഡന്റ് നിക്‌സന്റെ കാലത്ത് ചൈനയുമായി അമേരിക്ക നയതന്ത്രബന്ധം സ്ഥാപിച്ചതു മുതല്‍ തായ്‌വാന്‍ ചൈനയുടെ ഭാഗമാണ് എന്ന സമീപനം ആ രാജ്യം സ്വീകരിച്ചിരുന്നു. അങ്ങനെയാണ് തായ്‌വാന്‍ യുഎന്‍ സമിതിയില്‍ നിന്നു പുറത്തായതും ചൈന രക്ഷാസമിതി അംഗമായതും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആ നയം പോലും ട്രംപ് മാറ്റിമറിക്കുമെന്ന ഭീഷണിയുണ്ട്. അതു കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൈനയും വ്യക്തമാക്കി. ദക്ഷിണ ചൈനാ കടലില്‍ ചൈനയും അമേരിക്കയും തമ്മില്‍ സംഘര്‍ഷമുണ്ട്. ട്രംപ് വരുന്നതോടെ അതു കൂടുതല്‍ ഗുരുതരമാവുമെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ നയങ്ങള്‍ ഏതു തരത്തിലുള്ള നേട്ടമോ ആഘാതമോ ആണ് ഉണ്ടാക്കുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവരിക്കാനിരിക്കുന്നതേയുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,957 times, 7 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക