|    May 28 Sun, 2017 1:09 am
FLASH NEWS

ട്രംപിന് വേണ്ടി പ്രചാരണം നടത്തില്ലെന്ന് പോള്‍ റയാന്‍

Published : 12th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനൊപ്പം പ്രചാരണം നടത്തുകയോ അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യില്ലെന്ന് പ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാന്‍. റിപബ്ലിക്കന്‍ എംപിമാരോടാണ് പോള്‍ റയാന്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കെതിരേ ട്രംപ് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയതിന്റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണിത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് പോള്‍ റയാന്‍. തിരഞ്ഞെടുപ്പിന് ബാക്കിയുള്ള ദിവസങ്ങള്‍ കോണ്‍ഗ്രസ്സില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഭൂരിപക്ഷം നേടാനും ശ്രമിക്കുമെന്നാണ് റയാന്‍ വ്യക്തമാക്കിയത്. യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ തികച്ചും അസാധാരണമായ നീക്കമാണിത്. തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കെ പാര്‍ട്ടിക്കുള്ളില്‍ വിള്ളലുകള്‍ വന്നതായാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
ട്രംപിന്റെ നയങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരേ ഇതിനകം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിങ്ങളോരോരുത്തരും നിങ്ങളുടെ പ്രദേശത്തിനും നിങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ട്- റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ റയാന്‍ പറഞ്ഞു. എന്നാല്‍, റയാന്റെ ആഹ്വാനത്തോട് പല റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും വിമുഖത കാട്ടുന്നതായും റിപോര്‍ട്ടുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സമിതി ചെയര്‍മാന്‍ റെയ്ന്‍സ് പ്രീബസ് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചു. എന്നാല്‍, തന്നോടു പോരടിച്ച് റയാന്‍ സമയം കളയേണ്ടതില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മറ്റ് കാര്യങ്ങള്‍ക്കായി റയാന്‍ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day