|    Nov 20 Tue, 2018 3:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ട്രംപിന് തിരിച്ചടി

Published : 8th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടി നല്‍കി ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. അതേസമയം, ഉപരിസഭയായ സെനറ്റിലെ ഭൂരിപക്ഷം റിപബ്ലിക്കന്‍ പാര്‍ട്ടി മെച്ചപ്പെടുത്തി. സമൂഹത്തില്‍ ഛിദ്രത സൃഷ്ടിച്ച ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തലായിരുന്നു ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ്.
എട്ടു വര്‍ഷത്തിനുശേഷമാണ് ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടിയത്. കൂടാതെ, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍നിര്‍മാണം ഉള്‍പ്പെടെയുള്ള ട്രംപിന്റെ പല വിവാദ പദ്ധതികള്‍ക്കും ഡെമോക്രാറ്റുകളുടെ മുന്നേറ്റം വിലങ്ങുതടിയാവും.
435 അംഗ ജനപ്രതിനിധിസഭയിലെ 414 സീറ്റിലെ ഫലം പുറത്തുവന്നപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 220ഉം റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 194ഉം ആണ് അംഗബലം. വിര്‍ജീനിയ, ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, കൊളറാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ ഡെമോക്രാറ്റുകളാണ് നേട്ടം കൊയ്തത്. അതേസമയം, സെനറ്റില്‍ ഇന്ത്യാന, നോര്‍ത്ത് ഡക്കോട്ട സീറ്റുകള്‍ ഡെമോക്രാറ്റുകളില്‍ നിന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു. രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തിരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
അധികാരത്തിലില്ലാത്ത പാര്‍ട്ടി ഇടക്കാല തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുന്നതും യുഎസ് ചരിത്രത്തിലാദ്യമാണ്. ട്രംപ് ഭരണകൂടത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യാപാരകാര്യങ്ങള്‍, നികുതി റിട്ടേണ്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ ഇനി ഡെമോക്രാറ്റുകള്‍ക്കു സാധിക്കും.
നന്ദി, നാളെ അമേരിക്കയ്ക്ക് ഒരു പുതിയ ദിനമായിരിക്കുമെന്നാണ് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി തിരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. ഇവര്‍ സഭയുടെ സ്പീക്കറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പില്‍ വനിതകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇല്‍ഹാന്‍ ഉമര്‍, റാഷിദ തഹ്‌ലീബ് എന്നിവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെത്തുന്ന ആദ്യ മുസ്‌ലിം വനിതകളായി. കോണ്‍ഗ്രസ്സിലെ ആദ്യ അമേരിക്കന്‍ ഇന്ത്യന്‍ വനിതകളായി ഷാരീസ് ഡേവിഡ്‌സ്, ദെബ്ര ഹാലാന്റ് എന്നിവര്‍ ചരിത്രം കുറിച്ചു.
അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ട്രംപിന്റെ വിദ്വേഷപ്രചാരണങ്ങളും വംശീയ സ്ത്രീവിരുദ്ധ നയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഏറ്റവുമധികം ഇന്ത്യന്‍വംശജര്‍ മല്‍സരിച്ച തിരഞ്ഞെടുപ്പുകൂടിയാണിത്. 80ലധികം ഇന്ത്യന്‍വംശജരാണ് ജനവിധി തേടിയത്.
ജനപ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. നിലവില്‍ ഇരുസഭകളിലും റിപബ്ലിക്കന്‍ പാര്‍ട്ടിക്കായിരുന്നു ഭൂരിപക്ഷം.
ജനപ്രതിനിധിസഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 235ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 193ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്. സെനറ്റില്‍ 51 സീറ്റുണ്ടായിരുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 54 സീറ്റായി വര്‍ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss