|    Feb 25 Sat, 2017 6:06 am
FLASH NEWS

ട്രംപിന് അപ്രതീക്ഷിത വിജയം; വിവാദങ്ങളില്‍ നിന്നും വിജയത്തിലേക്ക്

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: നിര്‍വചനങ്ങള്‍ക്കതീതമായി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തി യുഎസിന്റെ 45ാമത് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് വിജയം കൈവരിച്ചിരിക്കുകയാണ്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള മല്‍സരം മുതല്‍ വിവാദങ്ങളും ട്രംപിനൊപ്പമുണ്ട്. മുസ്‌ലിം വിരുദ്ധത മുതല്‍ സ്ത്രീവിഷയം വരെ വിവാദങ്ങളില്‍ ഇടം നേടി. വിവാദങ്ങളും പകപോക്കലുകളും നിറഞ്ഞുനിന്ന വെറുപ്പുരാഷ്ട്രീയത്തിന്റെ വേദിയാവുകയായിരുന്നു ഇത്തവണ യുഎസ് തിരഞ്ഞെടുപ്പ്. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഒരുക്കിയെങ്കിലും അന്തിമഫലം ട്രംപിന് ഒപ്പം നില്‍ക്കുകയായിരുന്നു. അഭിപ്രായ സര്‍വേകളിലെല്ലാം ഹിലരി ഭൂരിപക്ഷം നേടിയെങ്കിലും ഫലം അമേരിക്കയെയും ലോകത്തെയും ഞെട്ടിക്കുന്നതായിരുന്നു.
ആഭ്യന്തരയുദ്ധം മൂലം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കും മറ്റും അഭയാര്‍ഥികള്‍ ഒഴുകിയപ്പോള്‍ അഭയാര്‍ഥി വിരുദ്ധസമീപനമാണ് ട്രംപ് സ്വീകരിച്ചത്. അയല്‍രാജ്യമായ മെക്‌സിക്കോയില്‍ നിന്നും രാജ്യത്തേക്ക് കുടിയേറ്റം നടക്കുന്നുവെന്നാരോപിച്ച് അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രസ്താവനയും ട്രംപിനെ വിവാദങ്ങളിലേക്ക് നയിച്ചു. സ്ത്രീകള്‍ക്കെതിരേ മോശമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ട്രംപിനെതിരേ പലരും രംഗത്തെത്തി. നിരവധി സ്ത്രീകളാണ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. പ്രതിനിധിസഭാ സ്പീക്കറായ പോള്‍ റയാനുള്‍പ്പെടെ മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെതിരേ ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തി. 1990കളില്‍ ഭാര്യ മെലാനിയാ ട്രംപ് ലൈംഗിക ചിത്രങ്ങളില്‍ അഭിനയിച്ചന്ന ആരോപണവും ട്രംപ് കുടുംബത്തെ വിവാദത്തിലേക്ക് നയിച്ചു.
ട്രംപിനെ മാറ്റി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സിനെ സ്ഥാനാര്‍ഥിയാക്കണമെന്നുവരെ ആവശ്യമുയര്‍ന്നു. ഭാര്യ മെലാനിയ വോട്ടു ചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്നതും അവസാന നിമിഷത്തില്‍ ഏറെ ചര്‍ച്ചയിലേക്കു വഴിവച്ചു. ഹിലരി ക്ലിന്റന്റെ ഇമെയില്‍ വിവാദവും എഫ്ബിഐ അന്വേഷണവും ഹിലരിക്ക് അവസാന നിമിഷത്തില്‍ തിരിച്ചടിയായി. വിവാദങ്ങള്‍ മറികടക്കാന്‍ ട്രംപിനെ അതു സഹായിച്ചു. ഒഹായോയില്‍ വിജയിക്കുന്നയാള്‍ യുഎസ് പ്രസിഡന്റ് എന്ന വിശ്വാസവും അക്ഷരാര്‍ഥത്തില്‍ ശരിയാവുകയായിരുന്നു. വിവാദങ്ങള്‍ക്കിടയിലും നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, നോര്‍ത്ത് കാരലൈന, ഒഹായോ എന്നിവിടങ്ങള്‍ വിജയിക്കാനായത് ഹിലരി അവസാനനിമിഷം നേരിട്ട വിവാദങ്ങള്‍ കാരണമാണ്. ഇത് പാര്‍ട്ടിയുടെ തിരിച്ചുവരവിലേക്ക് ഇത് നയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക