|    Apr 26 Thu, 2018 11:03 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ട്രംപിന്റെ വിജയം സൂചിപ്പിക്കുന്നത്

Published : 11th November 2016 | Posted By: SMR

അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി 20ന് അധികാരമേല്‍ക്കുമ്പോള്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന പ്രത്യേകതയ്‌ക്കൊപ്പം രാഷ്ട്രീയ-സൈനിക പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത പ്രഥമ പ്രസിഡന്റ് എന്ന വിശേഷണം കൂടി ട്രംപിനുണ്ട്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം ദശലക്ഷക്കണക്കിനു സാധാരണക്കാരാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇരകളായത്. ഈ കൂട്ടക്കൊലകള്‍ക്കു നേതൃത്വം നല്‍കിയവരില്‍ ഡെമോക്രാറ്റ്, റിപബ്ലിക്കന്‍ എന്ന വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. പാര്‍ട്ടി ഏതായാലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലപാടുകളും സമീപനങ്ങളും ഫലത്തില്‍ ഒന്നുതന്നെയായിരുന്നു. സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്കായിരുന്നു എന്നും മുന്‍ഗണന.
വലതുപക്ഷ നിലപാടുകള്‍ തുറന്നു പ്രഖ്യാപിക്കാന്‍ യാതൊരു മടിയും കാണിക്കാതിരുന്ന ട്രംപിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ശക്തമായ എതിര്‍പ്പുയര്‍ന്നു. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരേ പരസ്യ നിലപാട് സ്വീകരിച്ചു. എന്നിട്ടും മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളെയും പ്രവചനങ്ങളെയും അതിലംഘിച്ച വിജയമാണ് ട്രംപ് നേടിയത്.
ഈ മാധ്യമങ്ങളുടെ സ്വാധീനത്തില്‍ പെടാത്ത പ്രദേശങ്ങളിലെ വോട്ടര്‍മാരാണ് അദ്ദേഹത്തിനു തുണയായത്. വെളുത്ത വര്‍ഗക്കാരായ മധ്യവര്‍ഗക്കാര്‍, ഒരു വനിത പ്രസിഡന്റാവുന്നതില്‍ താല്‍പര്യമില്ലാത്ത പുരുഷന്മാര്‍, പ്രായം ചെന്നവര്‍ തുടങ്ങിയവര്‍ ട്രംപിനു പിന്നില്‍ അണിനിരന്നു. കറുത്ത വര്‍ഗക്കാരും ന്യൂനപക്ഷങ്ങളും സ്പാനിഷ് വംശജരുമാണ് മുഖ്യമായും ഹിലരിയെ പിന്തുണച്ചത്.
വലിയ വാഗ്ദാനവുമായി അധികാരത്തിലേറിയ ഒബാമ ഭരണകൂടത്തിന്റെ നിലപാടുകളിലുള്ള എതിര്‍പ്പ്, നികുതി വര്‍ധനയ്‌ക്കെതിരായ വികാരം, സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദം എന്നിവയെല്ലാം ഹിലരിക്ക് എതിരില്‍ ട്രംപിനു നേട്ടമായി.
കുടിയേറ്റക്കാരെക്കുറിച്ച് തികഞ്ഞ വംശവെറി കലര്‍ന്നതായിരുന്നു ട്രംപിന്റെ പരാമര്‍ശം. അമേരിക്കയില്‍ മുസ്‌ലിംകളുടെ പ്രവേശനം വിലക്കണമെന്ന നിര്‍ദേശവും ഏറെ വിമര്‍ശിക്കപ്പെട്ടു. വോട്ടെടുപ്പ് തുടങ്ങി ഫലപ്രഖ്യാപനം വരുന്നതിനിടയ്ക്കുള്ള ഇടവേളയില്‍ ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്നു 2015 ഡിസംബര്‍ ഏഴിലെ ഈ പ്രസംഗത്തിന്റെ ലിങ്ക് ഒഴിവാക്കിയതായി വാര്‍ത്തയുണ്ട്. അധികാരലബ്ധിയോടെ പ്രായോഗികതയും യുക്തിബോധവും അദ്ദേഹത്തിനും സഹചാരികള്‍ക്കും ലഭിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതെങ്കില്‍ സ്വാഗതാര്‍ഹം തന്നെ.
പദവിയുടെ മഹത്ത്വത്തിന് അനുസൃതമായ ഉയര്‍ന്ന ചിന്തയും നിലപാടുകളും ട്രംപിനു  സ്വീകരിക്കാനായാല്‍ ആഗോള സമൂഹത്തിനൊന്നാകെ അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകും. അതല്ല, അയോഗ്യതയ്‌ക്കൊപ്പം അപകടകാരി കൂടിയായി ലോകം ഭീതിയോടെ കണ്ടത് സാക്ഷാത്കരിക്കുന്നതാണ് പ്രവര്‍ത്തനമെങ്കില്‍ ഫലം ഭയാനകമായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss