|    Mar 22 Thu, 2018 3:56 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ട്രംപിന്റെ വിജയം ഖത്തറില്‍ സമ്മിശ്ര പ്രതികരണം

Published : 10th November 2016 | Posted By: SMR

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയം ഖത്തര്‍ ജനതയ്ക്കിടയില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചു. മുസ്‌ലിം വിരുദ്ധന്‍, കുടിയേറ്റ വിരുദ്ധന്‍ തുടങ്ങിയ പ്രതിഛായ ഉള്ളതു കാരണം ട്രംപിന്റെ വിജയത്തെ മിക്കവരും ആശങ്കയോടെയാണ് കാണുന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നെങ്കിലും ഖത്തര്‍ സമയം രാവിലെ 10.30ഓടെയാണ് ട്രംപിന്റെ വിജയം ഉറപ്പിച്ചത്. അതോടൊപ്പം സോഷ്യല്‍ മീഡിയയിലും പ്രതികരണം വന്നു തുടങ്ങിയിരുന്നു.
പലരും നടുക്കവും ഞെട്ടലും രേഖപ്പെടുത്തി. അമേരിക്കക്കാരുടെ വോട്ടിങിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നതു ലോകമാണെന്ന് അസീസ് അല്‍ഖാത്തര്‍ എന്ന സ്വദേശി ട്വിറ്ററില്‍ പ്രതികരിച്ചു. ബ്രക്‌സിറ്റ് ഹിതപരിശോധന മുതല്‍ തന്നെ ഇക്കാര്യം വ്യക്തമായതാണെന്നും പടിഞ്ഞാറ് വലതുപക്ഷ തീവ്രവാദം ശക്തിപ്രാപിക്കുകയാണെന്നും റാഷിദ് ഹസന്‍ അല്‍ദിര്‍ഹം പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ഖാലിദ് അല്‍ബാഇ അണുബോംബിന്റെ ചിത്രം വരച്ചാണ് ട്രംപിന്റെ വിജയത്തോട് പ്രതികരിച്ചത്. പൊട്ടിത്തെറിക്കുന്ന അണുബോംബിന് മുകളില്‍ അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുക എന്നതായിരുന്നു കമന്റ്. സ്വേഛാധിപതിയും അങ്ങേയറ്റത്തെ വംശീയ വാദിയുമായ ഒരാള്‍ ആധുനിക അമേരിക്കയുടെ പ്രസിഡന്റാവുന്ന തമാശ അവിശ്വസനീയമാണെന്ന് ദോഹയിലെ അമേരിക്കന്‍ പ്രവാസി വനിത ഹല ട്വിറ്ററില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും ഖത്തറിലെ അമേരിക്കന്‍ എംബസി പ്രഭാത വിരുന്ന് ഒരുക്കിയിരുന്നു. അംബാസഡര്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുതിര്‍ന്ന ഖത്തരി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അമേരിക്കക്കാരുമുള്‍പ്പെടെ രാവിലെ 5 മുതല്‍ അമേരിക്കന്‍ അംബാസഡര്‍ ഡാന ഷെല്‍ സ്മിത്ത് വിളിച്ചു ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്തു. ട്രംപിന്റെയും ക്ലിന്റന്റെയും പൂര്‍ണകായ കട്ടൗട്ടുകള്‍ വേദിയില്‍ ഒരുക്കിയിരുന്നു.
ട്രംപിന് കീഴില്‍ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം നടത്തിയ ചെറു പ്രഭാഷണത്തില്‍ സ്മിത്ത് പറഞ്ഞു. വിദ്യാഭ്യാസം, വ്യാപാരം, സൈന്യം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ ബന്ധം ഇന്ന് വളരെ ശക്തമാണ്. അടുത്ത പ്രസിഡന്റ് അധികാരമേറിയാലും അത് തുടരും-അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന നിലപാടായിരിക്കും വരും വര്‍ഷങ്ങളില്‍ ട്രംപ് സ്വീകരിക്കുകയെന്ന് പ്രമുഖ ഖത്തരി കോളമിസ്റ്റ് റീം അല്‍ഹര്‍മി അഭിപ്രായപ്പെട്ടു.
മേഖലയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ലളിതമായ പരിഹാരങ്ങളോ പൊതുപ്രസ്താവനകളോ മാത്രമാണ് ഇതുവരെ ട്രംപില്‍ നിന്നുണ്ടായിട്ടുള്ളത്. ഒറ്റപ്പെട്ട് നില്‍ക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുകയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇറാനെതിരായ ട്രംപിന്റെ കടുത്ത നിലപാട് അദ്ദേഹത്തിന് മേഖലയില്‍ കൂടുതല്‍ സുഹൃത്തുക്കളെ നല്‍കുമെന്നും അല്‍ഹര്‍മി കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ വരവോടെ മേഖലയില്‍ അമേരിക്ക ഭീകരതയ്‌ക്കെതിരേ കൂറേക്കൂടി കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസ് വിഭാഗത്തില്‍ ഹിസ്റ്ററി പ്രൊഫസറായ അബ്ദുല്ല അല്‍അരിയാന്‍ പറഞ്ഞു. ട്രംപിന്റെ വ്യാപാര പശ്ചാത്തലം ഖത്തര്‍-യുഎസ് വ്യാപാര ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് മറ്റു ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ട്രെംപിന്റെ വിജയത്തില്‍ അമീര്‍ അനുമോദനമറിയിച്ചു
ദോഹ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മല്‍സരത്തില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രെംപിനു അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അനുമോദന സന്ദേശമയച്ചു. ട്രെംപിനു വിജയാശംസകള്‍ നേര്‍ന്ന അമീര്‍ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലെ ബന്ധവും സഹകരണവും കൂടുതല്‍ ഊഷ്മളമാകട്ടെയെന്നും ആശംസിച്ചു.
അതേസമയം, വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനിയും ട്രെംപിനു അനുമോദനമറിയിച്ചു. 45ാമത് യുഎസ് പ്രസിഡന്റിനു ഖത്തറിന്റെ അഭിനന്ദനമെന്നും ഖത്തറും അമേരിക്കയും തമ്മില്‍ വ്യത്യസ്ത മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss