|    Jun 24 Sun, 2018 3:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ട്രംപിന്റെ ജയത്തില്‍ കേരളത്തിനും അഭിമാനം; അമേരിക്കന്‍ സെനറ്റിലേക്ക് പാലക്കാട്ടുകാരി

Published : 10th November 2016 | Posted By: SMR

പാലക്കാട്: അമേരിക്കന്‍ പ്രസിഡന്റ്പദത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ കേരളത്തിനും അഭിമാനിക്കാം. ട്രംപിന്റെ ജയത്തില്‍ റിപബ്ലിക്കന്‍ ക്യാംപ് ചുവന്ന തൊപ്പിയണിഞ്ഞ് ആരവം മുഴക്കുമ്പോള്‍ യുഎസ് ജനപ്രതിനിധിസഭയിലേക്ക് ആദ്യമായി ഒരു മലയാളിയെ സംഭാവന ചെയ്തതിന്റെ ആഹ്ലാദത്തിലാണ് കൊങ്ങന്‍ പടയുടെ നാട്ടു കാര്‍.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് സിയാറ്റിലില്‍ നിന്നു പാലക്കാട്ടുകാരി അഡ്വ. പ്രമീള ജയപാല്‍ അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ ജനപ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയായ വനിതയെന്ന ബഹുമതിയും ഇനി പ്രമീളയ്ക്കു സ്വന്തം. 57 ശതമാനം വോട്ടു നേടി പ്രമീള സ്വന്തമാക്കിയ വിജയം അമേരിക്കന്‍ മാധ്യമങ്ങള്‍ക്കൊപ്പം മലയാള മാധ്യമങ്ങളും വന്‍ ആഘോഷമാക്കിയിരിക്കുകയാണ്. പ്രമീള ജയപാല്‍ മലയാളിയാണെന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റാണ് സ്ഥിരീകരിച്ചത്.
നിലവില്‍ വാഷിങ്ടണ്‍ സ്‌റ്റേറ്റ് സെനറ്റ് അംഗമാണ് ഈ 51കാരി. വര്‍ഷങ്ങളായി യുഎസിലുള്ള പ്രമീളയുടെ അച്ഛന്‍ ജയപാല മേനോനും അമ്മ മായയും പാലക്കാട്ടുകാരാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം. ഇന്ത്യയിലെ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് പില്‍ഗ്രിമേജ്: വണ്‍ വിമന്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിങ് ഇന്ത്യയെന്ന പുസ്തകവും പ്രമീള രചിച്ചിട്ടുണ്ട്.
യുഎസ് പൗരത്വം സ്വീകരിച്ച പ്രമീള 1965ല്‍ ചെന്നൈയിലാണ് ജനിച്ചത്. അഞ്ചാം വയസ്സില്‍ ഇന്ത്യ വിട്ടു. ഇന്തോനീസ്യയിലും സിംഗപ്പൂരിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 16ാം വയസ്സില്‍ കോളജ് വിദ്യാഭ്യാസത്തിനായി അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെത്തി. നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയ പ്രമീള വാള്‍സ്ട്രീറ്റില്‍ സാമ്പത്തിക വിശകലന വിദഗ്ധയായും ജോലി നോക്കി. യുഎസ് പൗരനായ സ്റ്റീവ് വില്യംസനാണ് ഭര്‍ത്താവ്. ഒരു മകനുണ്ട്- ജനക്.
സിയാറ്റിലിന്റെ നല്ലൊരു ഭാഗം ഉള്‍പ്പെടുന്ന ഏഴാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടിലായിരുന്നു പ്രമീള ജനവിധി തേടിയത്. സിയാറ്റിലില്‍ തുല്യവേതനം നടപ്പാക്കാനുള്ള ശ്രമങ്ങളും കുടിയേറ്റം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലുള്ള സജീവ ഇടപെടലും കാരണം ജനപ്രതിനിധിസഭയിലേക്കു പ്രമീളയ്ക്ക് ഏറെ സാധ്യത കല്‍പിച്ചിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണെങ്കിലും അവരുടെ പിന്തുണ ഹിലരിയുടെ എതിരാളി ബേണി സാന്‍ഡേഴ്‌സിനായിരുന്നു.
അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വണ്‍ അമേരിക്ക എന്ന സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍ ഓഫ് ചേഞ്ച് ബഹുമതി നല്‍കി വൈറ്റ്ഹൗസ് ഇവരെ ആദരിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ ലോ സ്‌കൂളില്‍ വിശിഷ്ടാംഗത്വവുമുണ്ട്. ആദ്യമായി മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ തന്നെ വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോഴിവര്‍.
നേരത്തേ ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കറുത്ത വംശജയായ ഒരു പ്രതിനിധി കാലഫോര്‍ണിയയില്‍ നിന്ന് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 24 വര്‍ഷത്തിനു ശേഷമാണ്. അതുകൊണ്ടുതന്നെ കാലഫോര്‍ണിയയെ സംബന്ധിച്ച് ഇത് ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പു കൂടിയാണ്.
റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ലോറെറ്റ സാഞ്ചസിനെയാണ് കമല ഹാരിസ് തോല്‍പിച്ചത്. ലാറ്റിന്‍ വംശജരുടെ ഉറച്ച പിന്തുണയാണ് കമല ഹാരിസിനു വിജയമൊരുക്കിയത്. കാലഫോര്‍ണിയ സംസ്ഥാനത്തെ ആദ്യ വനിതാ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് കമല ഹാരിസ് സെനറ്റിലേക്ക് പോകുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ഇന്തോ-ജമൈക്കന്‍ ദമ്പതികളുടെ മകളാണ് കമല ഹാരിസ്. ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് കമല ഹാരിസിന്റേത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss