|    Jun 24 Sat, 2017 5:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെതിരേ വ്യാപക പ്രതിഷേധം

Published : 11th November 2016 | Posted By: SMR

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന മുദ്രാവാക്യവുമായി യുഎസില്‍ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്കിലും ഷിക്കാഗോയിലുമാണു വ്യാപക പ്രതിഷേധം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായി. ആയിരക്കണക്കിനാളുകളാണു തെരുവിലിറങ്ങിയത്.
ട്രംപിന്റ അപ്രതീക്ഷിത വിജയത്തിനെതിരായിരുന്നു പ്രതിഷേധം. മുസ്‌ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും ഉള്‍പ്പെടെയുള്ള ട്രംപിന്റെ നിലപാടുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്. മാന്‍ഹട്ടന്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ യുഎസ് പതാക കത്തിച്ചു. സിയാറ്റിനിലെ ട്രംപ് വിരുദ്ധ റാലിക്കു സമീപം വെടിവയ്പ് നടന്നതായും റിപോര്‍ട്ടുണ്ട്. ട്രംപ് ടവറിനു മുമ്പിലും പ്രതിഷേധം ഉണ്ടായി. ഇതു ഞങ്ങളുടെ പ്രസിഡന്റല്ല, വര്‍ണവിവേചനവും വംശീയ വിദ്വേഷവും യുഎസില്‍ വേണ്ട എന്നിങ്ങനെയായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങള്‍. പ്രതിഷേധക്കാരെ തടസ്സപ്പെടുത്താന്‍ പോലിസ് റോഡുകള്‍ അടച്ചു.
മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ പ്രസ്താവനയെയും പ്രതിഷേധക്കാര്‍ അപലപിച്ചു. വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്നു മുസ്‌ലിംവിരുദ്ധ പരാമര്‍ശവും നീക്കംചെയ്തിട്ടുണ്ട്. അമേരിക്കയില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതിനെ വിലക്കുമെന്ന പരാമര്‍ശമാണ് ഫലപ്രഖ്യാപനനാളില്‍ നീക്കംചെയ്തത്. ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിന്‍, വാഷിങ്ടണ്‍, വാഷിങ്ടണ്‍ ഡിസി, സാന്‍ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, പോര്‍ട്ട്‌ലാന്‍ഡ്, ടെന്നസീ എന്നിവിടങ്ങളിലും ഓക്‌ലാന്‍ഡിലും പ്രതിഷേധം നടന്നു. കാലഫോര്‍ണിയയില്‍ 1500ഓളം വിദ്യാര്‍ഥികളും അധ്യാപകരും നേരത്തേ പ്രതിഷേധിച്ചിരുന്നു. അതിനിടെ ട്രംപിന്റെ പത്‌നി മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക